• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിവർഷം രണ്ട് കോടി തൊഴിൽ, അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ, എല്ലാം നമ്പർ! ബജറ്റിനെ പൊളിച്ചടുക്കി എംപി

cmsvideo
  മോദിയുടെ ബജറ്റിനെ പൊളിച്ചടുക്കി എം ബി രാജേഷ് | Oneindia Malayalam

  ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരെ കുപ്പിയിലാക്കാനുളള അവസാനത്തെ അവസരം തന്ത്രപരമായി തന്നെ ഉപയോഗിച്ചിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും അടക്കം തെരഞ്ഞെടുപ്പില്‍ കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞതോടെ, കര്‍ഷകരേയും ഇടത്തരക്കാരെയും പെന്‍ഷന്‍കാരെയുമടക്കം ലക്ഷ്യമിട്ടുളളതാണ് മോദിയുടെ അവസാന ബജറ്റ്.

  വോട്ടര്‍മാര്‍ക്കുളള കൈക്കൂലിയാണ് കേന്ദ്ര ബജറ്റ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ വോട്ട് തേടി സാധാരണക്കാരന് മുന്നിലേക്ക് പോകുമ്പോള്‍ പിടിച്ച് നില്‍ക്കാന്‍ ബിജെപിക്ക് കിട്ടിയ വലിയൊരു പിടിവള്ളിയാണ് പീയുഷ് ഗോയലിന്റെ ബജറ്റ്. അതേസമയം കേന്ദ്ര ബജറ്റ് വെറും ഗിമ്മിക് മാത്രമാണ് എന്ന് വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഎം എംപി, എംബി രാജേഷ്. മോദിയുടെ ബജറ്റിനെ ഫേസ്ബുക്ക് പോസ്റ്റില്‍ രാജേഷ് പൊളിച്ചടുക്കി. പോസ്റ്റ് വായിക്കാം:

  എല്ലാം ഒരു നമ്പർ

  എല്ലാം ഒരു നമ്പർ

  കബളിപ്പിക്കലിന്റെ കാര്യത്തിൽ ആകാശമാണ്‌ അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം മുമ്പുള്ള ബജറ്റ് അതൊരിക്കൽ കൂടി തെളിയിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓർക്കുക. പ്രതിവർഷം രണ്ട് കോടി തൊഴിൽ, കള്ളപ്പണം തിരിച്ചു പിടിച്ച് ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ, ഉല്പാദനച്ചെലവിന്റെ 150% താങ്ങുവില,വിള ഇൻഷുറൻസ്, സ്മാർട്ട് സിറ്റി........ വാഗ്ദാനങ്ങളിൽ ചിലതിനെക്കുറിച്ച് അമിത് ഷാ പറഞ്ഞത് 'ജുംല' എന്നായിരുന്നു. മിതമായി പരിഭാഷപ്പെടുത്തിയാൽ ഒരു 'നമ്പർ' ആയിരുന്നു എന്നർത്ഥം.

  പക്കവട വിൽക്കുന്നതും തൊഴിൽ

  പക്കവട വിൽക്കുന്നതും തൊഴിൽ

  തൊഴിലെവിടെ എന്നുചോദിച്ചപ്പോൾ പക്കവട ഉണ്ടാക്കി വിൽക്കുന്നതും തൊഴിലാണെന്നായിരുന്നു രാജ്യസഭയിൽ തന്റെ അരങ്ങേറ്റ പ്രസംഗത്തിൽ ഷാ പറഞ്ഞത്. ഈ തെരഞ്ഞെടുപ്പിനു മുമ്പുള്ള വാഗ്ദാനങ്ങൾ നോക്കൂ. കൃഷിക്കാർക്ക് നേരിട്ടുള്ള ഇൻകം സപ്പോർട്ട് പ്രതിവർഷം 6000 രൂപ. പ്രതിദിനം 17 രൂപ! ആത്മഹത്യ അലവൻസ് എന്നു വിളിക്കുന്നതായിരിക്കും നല്ലത്. വിഷം/കയർ വാങ്ങാനല്ലാതെ മറ്റെന്തിനാണിത് തികയുക? രണ്ട് ഹെക്ടർ വരെയുള്ളവർക്ക് മാത്രമാണീ തുച്ഛമായ തുക കിട്ടുന്നതും

  വോട്ടിനുളള കൈക്കൂലി

  വോട്ടിനുളള കൈക്കൂലി

  ഭൂരഹിതരും പാട്ടകുടിയാന്മാരുമായ മഹാഭൂരിപക്ഷം അതി ദരിദ്ര കൃഷിക്കാർക്ക് ഇതുമില്ല. 2 ഹെക്ടർ വരെയുള്ളവരെ തന്നെ എങ്ങനെ കണ്ടെത്തും? ഭൂമിസംബന്ധമായ രേഖകൾ ആധാറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിട്ടില്ലല്ലോ. താങ്ങുവിലയും വിള നാശത്തിനുള്ള നഷ്ടപരിഹാരവും കൃഷിയിൽനിന്ന് ആദായവും ഉറപ്പുവരുത്തുന്നതിൽ കുറ്റകരമായ വീഴ്ച വരുത്തിയശേഷം തെരഞ്ഞെടുപ്പിനുമുമ്പ് അക്കൗണ്ടിലേക്ക് 2000 രൂപ ഇട്ടു തരാം നിങ്ങളുടെ വോട്ട് ഇങ്ങോട്ടിട്ടേക്ക് എന്നാണ് ഇപ്പോൾ മോദി പറയുന്നതിനർത്ഥം. വോട്ട് വിലയ്ക്ക് വാങ്ങാനുള്ള കൈക്കൂലി മാത്രമാണിത്.

  കർഷകന് വേണ്ടത് കൈക്കൂലിയല്ല

  കർഷകന് വേണ്ടത് കൈക്കൂലിയല്ല

  കാർഷികമേഖലയിൽ വേണ്ടത് കൈക്കൂലിയല്ല, കൃഷി ആദായകരം ആകുമെന്ന് ഉറപ്പിക്കുന്ന നയങ്ങളും നടപടികളുമാണ്. ഉല്പാദനച്ചെലവിന്റെ 150% താങ്ങുവില, വർദ്ധിച്ച പൊതുനിക്ഷേപം, സർക്കാർ നേതൃത്വത്തിൽ സംഭരണം, വിലസ്ഥിരത ഉറപ്പാക്കൽ, കുറഞ്ഞ പലിശക്ക് സ്ഥാപന വായ്പ, ഭൂരഹിത കർഷകർക്ക് ഭൂമിയിലുള്ള അവകാശം എന്നിവയൊക്കെയാണ് വേണ്ടത്. കർഷകർക്ക് പ്രതിദിനം 17 രൂപ നക്കാപ്പിച്ച കൊടുത്തിട്ട് കൊട്ടിഘോഷിക്കുന്നവർ അറിയേണ്ടത് കാസർഗോഡ് ജില്ലയിലെ കരിവെള്ളൂർ- പേരളം പഞ്ചായത്ത് നെൽകൃഷിക്കാർക്ക് നൽകുന്ന ഇൻസെന്റീവ് (സബ്‌സിഡിക്ക് പുറമേ ) ഹെക്ടറിന് 17,000 രൂപയാണ് എന്നതാണ്.

  ഗോമാതാവിന്റെ ക്ഷേമത്തിന് 750 കോടി

  ഗോമാതാവിന്റെ ക്ഷേമത്തിന് 750 കോടി

  കേരള സർക്കാർ കേന്ദ്രം നൽകുന്നതിനേക്കാൾ ക്വിന്റലിന് 800 രൂപ അധികം നൽകിയാണ് നെല്ല് സംഭരിക്കുന്നത്. മറ്റൊരു പ്രഖ്യാപനം അസംഘടിത മേഖലാ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയാണ്. അതിന് അനുവദിച്ചതോ 500കോടി രൂപ മാത്രവും. ഗോമാതാവിന്റെ ക്ഷേമത്തിന് 750 കോടി രൂപയുണ്ടെന്ന് അറിയുമ്പോഴാണ് മുൻഗണന വ്യക്തമാകുന്നത്. വോട്ടുള്ള അസംഘടിത മേഖല തൊഴിലാളിക്ക് പശുവിന്റെ പരിഗണനയെങ്കിലും കൊടുക്കാമായിരുന്നു. തൊഴിലാളിയെക്കാൾ കൂടുതൽ വോട്ട് പശു വാങ്ങിത്തരും എന്നായിരിക്കും.

  പെൻഷനിൽ വ്യക്തത ഇല്ല

  പെൻഷനിൽ വ്യക്തത ഇല്ല

  പെൻഷൻ കിട്ടാൻ തൊഴിലാളി 100 രൂപ പ്രതിമാസം സർക്കാരിന് നൽകണം. 60 വയസുവരെ മുടങ്ങാതെ വിഹിതം അടയ്ക്കണം. ഏതെങ്കിലും സാഹചര്യത്തിൽ മുടങ്ങിയാൽ അതുവരെ അടച്ചത് നഷ്ടമാകുമോ? പ്രഖ്യാപനം മാത്രമാണെന്നും പദ്ധതി ആവിഷ്കരിച്ചിട്ടില്ല എന്നതുകൊണ്ടും വ്യക്തമായ ഉത്തരമില്ല. നടപ്പാക്കാനാണെങ്കിൽ പദ്ധതി വേണം. വോട്ടിനാവുമ്പോൾ പ്രഖ്യാപനത്തിൽ ഒതുക്കാം.

  മധ്യവർഗ്ഗത്തെ പ്രീണിപ്പിക്കാനുള്ള പൊടിക്കൈ

  മധ്യവർഗ്ഗത്തെ പ്രീണിപ്പിക്കാനുള്ള പൊടിക്കൈ

  5 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കിയതാണ് മധ്യവർഗ്ഗത്തെ പ്രീണിപ്പിക്കാനുള്ള പൊടിക്കൈ. മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉണ്ടാകുമെന്ന് പറഞ്ഞതാണ് ഇപ്പോൾ പതിനൊന്നാം മണിക്കൂറിൽ പ്രഖ്യാപനമായി വരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന് വരുമാനപരിധി എട്ടുലക്ഷം എന്ന് രണ്ടാഴ്ച മുമ്പ് നിയമത്തിൽ പറഞ്ഞ സർക്കാർ ആദായനികുതി പരിധി 5 ലക്ഷത്തിൽ നിർത്തുന്നതിൽ എന്ത് യുക്തി? ഇതിൽ ഏതെങ്കിലുമൊന്ന് യുക്തിക്ക് നിരക്കാത്തതാണെന്ന് സമ്മതിക്കേണ്ടി വരുമല്ലോ? രണ്ടും വോട്ടിന് ആവുമ്പോൾ എന്ത് യുക്തി?

  കബളിപ്പിക്കലിന്റെ ആശാന്മാർ

  കബളിപ്പിക്കലിന്റെ ആശാന്മാർ

  പിന്നെ അംഗൻവാടി ഓണറേറിയം, ഇഎസ്ഐ പരിധി, ഗ്രാറ്റുവിറ്റി പരിധി തുടങ്ങി നേരത്തെ പ്രഖ്യാപിച്ചതും ഇതുവരെ നടപ്പാക്കാത്തതും വീണ്ടും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരേ കാര്യം പലതവണ പ്രഖ്യാപിക്കുമ്പോൾ പലതവണ ഇതൊക്കെ കൂട്ടി എന്നൊരു ഫീൽ ജനത്തിനുണ്ടാകുമെന്ന് കരുതുന്നുണ്ടാവണം കബളിപ്പിക്കലിന്റെ ആശാന്മാർ. ബിജെപിയുടെ ഏറ്റവുംവലിയ വാഗ്ദാനമായിരുന്ന തൊഴിലിനെ കുറിച്ച് പിയൂഷ് ഗോയൽ പറഞ്ഞതിത്ര മാത്രം "തൊഴിൽ തേടിയിരുന്നവർ തൊഴിൽ സൃഷ്ടിക്കുന്നവർ ആയിമാറി"

   അണ്ണാറക്കണ്ണനും തന്നാലായത്

  അണ്ണാറക്കണ്ണനും തന്നാലായത്

  (ഈ സർക്കാരിന്റെ തന്നെ NSSO യുടെ ഇന്നലത്തെ ചോർന്ന റിപ്പോർട്ട് പറയുന്നത് തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് എന്നത്രേ)രണ്ടുമാസം കഴിയുമ്പോൾ ഗോയൽ ഇപ്രകാരം പറയും "തൊഴിൽ സൃഷ്ടിക്കാത്തവർ തൊഴിൽരഹിതരായി" വാൽക്കഷണം: ബജറ്റ് പ്രസംഗം ഒരു സിനിമ പ്രൊമോട്ട് ചെയ്യാനും പീയുഷ് ഉപയോഗിച്ചു.മോദി റിലയൻസ്‌ ജിയോ പ്രമോട്ട്‌ ചെയ്യുമ്പോൾ ഗോയൽ ഇത്രയെങ്കിലും ചെയ്യേണ്ടേ! അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ

  ഫേസ്ബുക്ക് പോസ്റ്റ്

  എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  MB Rajesh Mp slams Modi Governments interim Budget 2019 in facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X