'പ്രധാനമന്ത്രി 7 പുതിയ ടാസ്കുകൾ ഏൽപ്പിച്ചിട്ടുണ്ട്. പക്ഷേ ജനം അങ്ങയെ ഏൽപ്പിച്ച ടാസ്കിനെക്കുറിച്ച്?'
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി മെയ് മൂന്ന് വരെ രാജ്യത്തെ ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് അക്കാര്യം പ്രഖ്യാപിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ നീളുമ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നവര്‍ക്ക് വേണ്ടിയുളള പ്രഖ്യാപനങ്ങളൊന്നും മോദി നടത്തിയുമില്ല.
പ്രധാനമന്ത്രി 7 പുതിയ ടാസ്കുകൾ നമ്മെ ഏൽപ്പിച്ചിട്ടുണ്ട്. പക്ഷേ ജനം പ്രധാനമന്ത്രിയെ ഏൽപ്പിച്ച ടാസ്കിനെക്കുറിച്ച്? ദരിദ്രരെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നമ്മോട് പറയുന്നു. പക്ഷേ കേന്ദ്ര സർക്കാർ എന്തു ചെയ്യുമെന്ന് വിശദീകരിച്ചോ? എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പ്രതീക്ഷിച്ചതു പോലെ
പ്രധാനമന്ത്രിയുടെ പ്രസംഗം ആകാംക്ഷയോടെയാണ് കേട്ടത്. പ്രതീക്ഷിച്ചതു പോലെ ലോക്ക് ഡൗൺ നീട്ടി. പ്രതീക്ഷിച്ചതിനേക്കാൾ 3 ദിവസം അധികം. നിർബന്ധിത സാഹചര്യം മനസ്സിലാക്കാം. ലോക്ക് ഡൗൺ ആകെ നാൽപ്പതു ദിവസമാകും. നാൽപ്പത് ദിവസം രാജ്യത്തെ ദരിദ്ര ജനകോടികൾ പണിയും വരുമാനവുമില്ലാതെ നരകത്തിലാവും. 40 കോടി പേർ ഇന്ത്യയിൽ ദാരിദ്യത്തിലാവുമെന്നാണ് യു.എൻ നേതൃത്വത്തിലുള്ള ഐഎൽഒയുടെ മുന്നറിയിപ്പ്!

ജനം അങ്ങയെ ഏൽപ്പിച്ച ടാസ്കിനെക്കുറിച്ച് ?
ദരിദ്രരെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നമ്മോട് പറയുന്നു. തീർച്ചയായും . പ്രധാനമന്ത്രി പറഞ്ഞത് ഓരോരുത്തരും കഴിവിൻ്റെ പരമാവധി ചെയ്യണം. പക്ഷേ കേന്ദ്ര സർക്കാർ എന്തു ചെയ്യുമെന്ന് വിശദീകരിച്ചോ? ദരിദ്രരെ സഹായിക്കാനുള്ള ചുമതല പ്രധാനമായും സർക്കാരിനാണല്ലോ. അതിനുള്ള അധികാരവും വോട്ടിലൂടെ ജനം നൽകിയിട്ടുമുണ്ടല്ലോ . പ്രധാനമന്ത്രി 7 പുതിയ ടാസ്കുകൾ നമ്മെ ഏൽപ്പിച്ചിട്ടുണ്ട്. അതും കൊള്ളാം.പക്ഷേ ജനം അങ്ങയെ ഏൽപ്പിച്ച ടാസ്കിനെക്കുറിച്ച് ?

സഹായം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച്?
പാവപ്പെട്ടവർ 19 ദിവസം കൂടി എങ്ങിനെ കഴിയുമെന്നതിനെക്കുറിച്ച്? FCI ഗോഡൗണുകളിൽ നിറഞ്ഞു കവിഞ്ഞ 7.7 കോടി ടൺ ഭക്ഷ്യധാന്യം പട്ടിണിയിലായവർക്ക് സൗജന്യമായി കൊടുക്കണമെന്ന ആവശ്യത്തെക്കുറിച്ച്?അന്നന്നത്തെ കൂലി കൊണ്ട് കഴിയുന്നവർക്കുള്ള സഹായം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച്? പ്രതിമാസം വെറും 300, 500 രൂപ മാത്രമുള്ള സഹായ ധനം എത്ര കുട്ടുമെന്നതിനെക്കുറിച്ച്?

അഭിനന്ദനം മാത്രേ ഉള്ളോ ?
ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നേരിടുന്ന PPE ക്ഷാമത്തെക്കുറിച്ച്? ദയനീയമാംവിധം കുറഞ്ഞ അളവിലുള്ള പരിശോധനകളുടെ എണ്ണം എത്രത്തോളം വർദ്ധിപ്പിക്കുമെന്നതിനെക്കുറിച്ച് ടാർജറ്റ് വല്ലതും? സംസ്ഥാന സർക്കാരുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വളരെ സന്തോഷം. പക്ഷേ അഭിനന്ദനം മാത്രേ ഉള്ളോ ??? കേന്ദ്രം കുടുതൽ സാമ്പത്തിക സഹായം അനുവദിക്കാതെ ഈ പോരാട്ടത്തിൽ മുന്നോട്ടു പോകാനാവില്ലെന്ന് എല്ലാ മുഖ്യമന്ത്രിമാരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടതിനോടുള്ള അനുകുല പ്രതികരണം വല്ലതും?

എന്തു കൊടുക്കും?
സംസ്ഥാനങ്ങൾക്ക് അടിയന്തിര സാഹചര്യം നേരിടാൻ എന്തു കൊടുക്കും? നേരത്തേ നിയമാനുസൃതം നൽകാനുള്ള കുടിശ്ശികയെങ്കിലും ഈ ആപൽഘട്ടത്തിൽ നൽകുന്നതിനെക്കുറിച്ച്? വായ്പാ പരിധി കൂട്ടണമെന്ന സംസ്ഥാനങ്ങളുടെ ഒറ്റക്കെട്ടായ ആവശ്യത്തിൻ്റെ കാര്യത്തിലെങ്കിലും? PMCARES നുള്ള അതേ പരിഗണന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്കും നൽകണമെന്ന ആവശ്യത്തെക്കുറിച്ച്?

ജീവനൊപ്പം ജീവിതവും
അകപ്പെട്ടു പോയ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള എന്തെങ്കിലും ആലോചനകളെക്കുറിച്ച്? പ്രധാനമന്ത്രി ഇതുവരെ ചെയ്ത കാര്യങ്ങളൊക്കെ പറഞ്ഞു. ആശുപത്രി ബെഡ് ഒരുക്കിയതിനെക്കുറിച്ചും. എന്നാൽ ജീവനൊപ്പം ജീവിതവും എന്നാണല്ലോ പുതിയ മുദ്രാവാക്യമായി പറഞ്ഞിട്ടുള്ളത്.ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സഹായങ്ങൾ കൂടി പറഞ്ഞിരുന്നുവെങ്കിൽ പട്ടിണിയിൽ കഴിയുന്നവർക്ക് അല്പം ആശ്വാസമാകുമായിരുന്നു.
Recommended Video

രണ്ട് ഓപ്ഷനുകളിലൊന്ന്
കൊറോണയാൽ മരിക്കണോ പട്ടിണി കൊണ്ട് മരിക്കണോ എന്ന രണ്ട് ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കേണ്ട മഹായാതനയിൽ ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യർ.അവർക്ക് ഇപ്പോൾ നൽകിയതിനേക്കാൾ മെച്ചപ്പെട്ട എന്താണ് അങ്ങേക്ക് നൽകാനുള്ളത് ബഹുമാനപ്പെട്ട പ്രധാനമന്ത്രീ? അവർ ഇതിനേക്കാൾ മാനുഷികമായ പരിഗണന അർഹിക്കുന്നുവെന്ന് അങ്ങ് കരുതുന്നില്ലേ?''












Click it and Unblock the Notifications