നവരാത്രി ദിനങ്ങളില്‍ ഇറച്ചിക്കട തുറക്കാന്‍ പാടില്ല: ഭക്തരുടെ വികാരത്തെ ബാധിക്കും: ദക്ഷിണ ദില്ലി മേയർ
ദില്ലി: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച വരെ ദക്ഷിണ ഡൽഹിയിൽ ഇറച്ചിക്കടകൾക്ക് ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പാക്കുമെന്ന് കോർപ്പറേഷന്‍ മേയറും ബി ജെ പി നേതാവുമായ മുകേഷ് സൂര്യൻ. നിരവധി പരാതികള്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും വന്നിരുന്നു, ഇതിനെ തുടർന്നാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വന്നത്, ഇത് ആരുടെയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
"എല്ലാ ഇറച്ചി കടകളും കർശനമായി അടയ്ക്കും. മാംസം വിൽക്കാത്തപ്പോൾ ആളുകൾ അത് കഴിക്കില്ല," ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ എന്‍ഡിടിവി യോട് പറഞ്ഞു. റമദാൻ നോമ്പ് മാസം ചില ഇസ്ലാമിക രാജ്യങ്ങളിൽ പൊതുസ്ഥലത്ത് വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്നതിന് സമാനമായാണ് ഈ ഉത്തരവിനെ കാണുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.

"ഡൽഹിക്കാരുടെ വികാരം കണക്കിലെടുത്താണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. ആളുകൾ എന്നോട് പരാതിപ്പെട്ടു. തുറസ്സായ സ്ഥലത്ത് മാംസം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വൃതം എടുക്കുന്നവർ പ്രശ്‌നങ്ങൾ നേരിടുന്നു. ഇത് ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ല," സൂര്യൻ പറഞ്ഞു.. ഏപ്രിൽ 8, 9, 10 തീയതികളിൽ കോർപ്പറേഷന് കീഴിലെ എല്ലാ അറവുശാലകളും അടച്ചിടുമെന്നും മേയർ ആവർത്തിച്ചു.
"ദുർഗ്ഗാ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന നവരാത്രിയുടെ ശുഭകരമായ കാലഘട്ടത്തിൽ" കോർപ്പറേഷന് കീഴിലുള്ള ഇറച്ചിക്കടകൾ അടച്ചിടണമെന്ന് സൗത്ത് ദില്ലി മേയർ തിങ്കളാഴ്ചയായിരുന്നു ആദ്യമായി പ്രഖ്യാപിച്ചത്. ഈ ഒമ്പത് ദിവസങ്ങളിൽ ഭക്തർ മാംസവും മറ്റും കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്യാം സുന്ദർ അഗർവാളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. "ഈ ഉത്സവകാലത്ത് ഇറച്ചിക്കടകൾ അടച്ചിടുന്നത് ഞങ്ങളെ സന്തോഷിപ്പിക്കും".
തീരുമാനത്തിന്റെ അടിസ്ഥാനം എന്താണെന്ന് ചോദിച്ചപ്പോൾ. "ആളുകൾക്ക് ഇത് ആവശ്യമില്ല" എന്ന ഒറ്റ ഉത്തരം മാത്രമാണ് സൂര്യൻ നല്‍കുന്നത്. "എന്താണ് പ്രശ്‌നം? ഇതിലെന്താണ് തെറ്റ്? ഞങ്ങൾ നവരാത്രിയാണ് ആവശ്യപ്പെടുന്നത്, സ്ഥിരമായിട്ട് അല്ല," -അദ്ദേഹം പറഞ്ഞു. മാംസക്കടകൾ കാണുമ്പോഴോ മാംസത്തിന്റെ ദുർഗന്ധം സഹിക്കുമ്പോഴോ "മതവിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും ബാധിക്കും" എന്നും ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഗ്യാനേഷ് ഭാരതിക്ക് അയച്ച കത്തിൽ മേയർ വ്യക്തമാക്കുന്നുണ്ട്. അതേസമയം കോർപ്പറേഷന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്












Click it and Unblock the Notifications