മീഡിയ വണ്‍ സംപ്രേക്ഷണം തുടരും: കേന്ദ്രത്തിന്റെ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ദില്ലി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേന്ദ്രസർക്കാർ മുദ്രവെച്ച കവറില്‍ പരിശോധിച്ച ഫയലുകള്‍ പരിശോധിച്ച ശേഷമാണ് കോടതി നിർണ്ണായകമായ തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ ചാനലിന് പഴയ രീതിയില്‍ പ്രവർത്തിക്കാന്‍ സാധിക്കും. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സർക്കാർ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഇപ്പോള്‍ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാന്‍ കഴിയുന്നില്ല. ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ എന്തൊക്കെ വിശദാംശങ്ങളായിരുന്നു എന്നും കോടതി ചോദിച്ചു. തുടർന്ന് മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ സർക്കാർ കോടതിക്ക് കൈമാറുകയായിരുന്നു. വിവരങ്ങള്‍ പരിശോധിച്ച കോടതി വിലക്ക് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ നടത്താം.' - സുപ്രീംകോടതി ഉത്തരവിട്ടു. ചാനലിന്റെ പ്രക്ഷേപണം റദ്ദ് ചെയ്യുന്നതിന് കാരണമായി പറയുന്ന ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.അതേസമയം, ഇടക്കാല ഉത്തരവ് നൽകരുതെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് ആവശ്യപ്പെട്ടത്.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് സുപ്രീകോടതിയിൽ ഹാജരായത്. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ഹർജിയലായിരുന്നു സുപ്രീം കോടതി വാദം കേട്ടത്. കേസില്‍ ചൊവ്വാഴ്ച സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും.
അതേസമയം മീഡിയ വണ്‍ ചാനലിന്റെ വിലക്ക് നടപടികള്‍ പാലിച്ചെന്നായിരുന്നു വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video
മീഡിയവൺ സംപ്രേഷണ വിലക്ക് നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഈവിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു. മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് പ്രമോദ് രാമന്‍ നല്‍കിയ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.












Click it and Unblock the Notifications