എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണ കാരണം ഹൃദയാഘാതം, ആശുപത്രിയുടെ മെഡിക്കൽ ബുളളറ്റിൻ
ചെന്നൈ: വിഖ്യാത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണ കാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. എസ്പിബി ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയാണ് മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത് വിട്ടത്. എംജിഎം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അനുരാധ ഭാസ്‌കരന്റെ പേരിലാണ് വാര്‍ത്താക്കുറിപ്പ്.
വാർത്താക്കുറിപ്പ് ഇങ്ങനെ: ''ആഗസ്റ്റ് 5ന് എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിരു എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് കാരണമുളള കടുത്ത ന്യൂമോണിയ മൂലം ആഗസ്റ്റ് 14 മുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലായിരുന്നു ഉണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ തങ്ങളുടെ വിദഗ്ധ സംഘത്തിന്റെ സൂക്ഷ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബര്‍ നാലിന് അദ്ദേഹം കൊവിഡ് രോഗമുക്തനായി. എന്നാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായവും മെഡിക്കല്‍ സംഘത്തിന്റെ ശ്രമങ്ങളും എല്ലാം വിഫലമാക്കി ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1.04 ഓടു കൂടി അദ്ദേഹത്തിന്റെ മരണം സംഭവിച്ചതായി കടുത്ത ദുഖത്തോടെ അറിയിക്കുന്നു. ഈ വേദനയുടെ സമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും അടക്കം ദുഖത്തില്‍ പങ്കു ചേരുന്നു''.

കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായെന്നും എംജിഎം ഹെൽത്ത് കെയറിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ചെറിയ കൊവിഡ് ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ നടന്നത്. ആരാധകർ എസ്പിബിയുടെ തിരിച്ച് വരവിന് വേണ്ടി മെഴുകുതിരി പ്രാർത്ഥനകൾ അടക്കം നടത്തി കാത്തിരിക്കവേയാണ് മരണം ആശുപത്രി സ്ഥിരീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications