എംബിബിഎസ് കഴിഞ്ഞോ ? ഡോക്ടറായെന്നു പറയാന്‍ വരട്ടെ, ഇനി ഇതു കൂടി വേണം!!
എംബിബിഎസ് കഴിഞ്ഞവര്‍ക്ക് നെക്സ്റ്റ് പരീക്ഷ കൂടി പാസായാല്‍ മാത്രമേ ഇനി ഡോക്ടറാവാന്‍ കഴിയൂവെന്ന് നിയമം വരുന്നു
മുംബൈ: രാജ്യത്തെ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് അത്ര സന്തോഷകരമല്ലാത്ത വാര്‍ത്ത പുറത്തുവരുന്നു. ഇനി എംബിബിഎസ് പാസായാല്‍ മാത്രം ഡോക്ടറാവാനില്ല. അതിന് നെക്‌സ്റ്റ് (നാഷനല്‍ എക്‌സിറ്റ് ടെസ്റ്റ്) കൂടി പാസാവണമെന്ന നിയമം വരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഭേദഗതി ബില്ലിലാണ് ഈ നിര്‍ദ്ദേശം.
ആരോഗ്യമേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഇത്തരമൊരു നിര്‍ദേശം വച്ചത്. ഇതു രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ നിലവാരം വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന മൂന്നു ടെസ്റ്റുകള്‍ക്കു പകരക്കാരന്‍ കൂടിയാണ് നെക്സ്റ്റ്. മെഡിക്കല്‍ അഡ്മിഷനു വേണ്ടി നടത്തുന്ന നീറ്റ് ടെസ്റ്റും ഇതില്‍പ്പെടുന്നു. കേന്ദ്ര, ആരോഗ്യ സര്‍വീസുകളിലേക്കുള്ള നിയമനങ്ങള്‍ക്കുള്ള പരീക്ഷ, വിദേശ മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷ എന്നിവയും ഇതോടെ ഇല്ലാതായേക്കും.

മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ബില്ലിനു അംഗീകാരം ലഭിച്ചാല്‍ നെക്‌സ്റ്റ് പാസാവാതെ ഇനി എംബിബിഎസുകാര്‍ക്ക് പ്രാക്റ്റീസും നടത്താന്‍ കഴിയില്ല.

നെക്സ്റ്റ് പരീക്ഷ കഴിഞ്ഞാല്‍ ഓരോ കോളേജുകളും ഇതിന്‍റെ ഫലം പുറത്തുവിടണം. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പാസായ കോളജ് കണ്ടെത്താനും മറ്റു വിദ്യാര്‍ഥികള്‍ക്ക് ഏതു കോളജില്‍ പഠിക്കണമെന്ന് തിരഞ്ഞെടുക്കാനും ഇതു സഹായിക്കും.

പല ഡോക്ടര്‍മാരും നെക്‌സ്റ്റിനെ പിന്തുണച്ചു രംഗത്തു വന്നു. രണ്ടു കോളജുകള്‍ തമ്മിലുള്ള നിലവാരം പുറത്തുകൊണ്ടുവരാന്‍ ഇതു സഹായിക്കും. ഇതിലൂടെ മിടുക്കരായ ഡോക്ടര്‍മാരെ രാജ്യത്തിനു ലഭിക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications