ഡ്രോണിലൂടെ കർഷകർക്ക് നേരെ കണ്ണീർവാതക പ്രയോഗം; വ്യാഴാഴ്ച കർഷകരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രസർക്കാർ
ചണ്ഡീഗഡ്: കർഷക സംഘടനകളുമായി വ്യാഴാഴ്ച ചർച്ച നടത്തുമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. അതുവരെ കർഷകർ സമാധാനപരമായി തലസ്ഥാനത്ത് തുടരുമെന്നും ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമം നടത്തില്ലെന്നും കര്‍ഷക സംഘടനാ പ്രതിനിധി സര്‍വന്‍ സിങ് പന്‍ധേര്‍ അറിയിച്ചു.
'കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ടയും കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും നിത്യാനന്ദ് റായിയും വൈകുന്നേരം 5 മണിക്ക് നഗരത്തിൽ പ്രതിഷേധിക്കുന്ന കർഷകരുടെ പ്രതിനിധികളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്',ബുധനാഴ്ച ചണ്ഡീഗഡിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കർഷക നേതാവ് സർവാൻ സിംഗ് പന്ദേർ പറഞ്ഞു.

'ഇന്നലെ രാത്രി ഞങ്ങൾക്ക് ലഭിച്ച സന്ദേശത്തിൻ്റെയും ചർച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ആഹ്വാനത്തിന്റേയും അടിസ്ഥാനത്തിൽ സമാധാനപരമായി തുടരാൻ കർഷകരോട് അറിയിച്ചിട്ടുണ്ട്.സമാധാനപരമായി തന്നെ പ്രതിഷേധം തുടരും. അതുവരെ ഞങ്ങളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നടപടികളൊന്നും തുടരില്ല', പന്ദേർ പറഞ്ഞു.
ബുധനാഴ്ച സമാധാനപരമായിട്ടായിരുന്നു കർഷകർ പ്രതിഷേധിച്ചത്. എന്നാൽ കർഷകർക്ക് നേരെ അർധസൈനിക വിഭാഗം ഡ്രോണുകൾ പ്രയോഗിച്ചു. കണ്ണീർ വാതക ഷെല്ലുകളും റബ്ബർ പെല്ലറ്റുകളും കർഷകർക്ക് നേരെ തൊടുത്തു. ഇതൊക്കെയാണെങ്കിലും ഞങ്ങൾ കേന്ദ്ര സർക്കാരുമായി സംസാരിക്കാൻ തയ്യാറാണ്', കർഷക നേതാക്കൾ പറഞ്ഞു.
ഇന്ന് രാവിലെ കർഷക നേതാക്കളെ കൃഷിമന്ത്രി അർജുൻ മുണ്ട ചർച്ചയ്ക്ക് വിളിക്കുകയും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്ന് കർഷകരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.'എല്ലാ കാര്യങ്ങളും മനസിൽ സൂക്ഷിച്ച് കൊണ്ട് തന്നെ ചർച്ച നടത്തണം. സാധാരണ ജീവിതം തടസ്സപ്പെടുന്നില്ലെന്ന് കർഷകർ ഉറപ്പാക്കേണ്ടതുണ്ട്. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികളിലൂടെ യാതൊരു പരിഹാരവും കണ്ടെത്താൻ സാധിക്കില്ല.സംവാദത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കണം', മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ തിങ്കളാഴ്ച കർഷകരുമായി ചർച്ച നടത്തിയിരുന്നു. കർഷകരുടെ ചില ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും മൂന്ന് പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്താനായില്ല.കുറഞ്ഞ താങ്ങുവില, വായ്പ എഴുതിത്തള്ളൽ, സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കൽ എന്നിവയാണ് കർഷകർ മുന്നോട്ട് വെയ്ക്കുന്ന മൂന്ന് ആവശ്യങ്ങൾ.












Click it and Unblock the Notifications