മെഗാ തൊഴില്‍മേളയുമായി കേന്ദ്രം; 10 ലക്ഷം പേര്‍ക്ക് ജോലി; 75, 000 പേര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറി
ന്യൂഡൽഹി: കോവിഡ്-19 മഹാമാരിയെത്തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളുടെ പ്രഹരം മയപ്പെടുത്താൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സർക്കാർ ജോലി ഉദ്യോഗാർത്ഥികൾക്കായി 75,000 നിയമന ഉത്തരവ് വിതരണം ചെയ്ത ശേഷം "റോസ്ഗർ മേള"യെ അഭിസംബോധന ചെയ്യുരയായിരുന്നു പ്രധാനമന്ത്രി മോദി. യുവാക്കൾക്ക് പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്രവും ഒന്നിലധികം മുന്നണികളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞു.

കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ 'റോസ്ഗർ മേള' എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ആണ് തുടക്കം കുറിച്ചത്. 75, 000 പേർക്കുള്ള നിയമന ഉത്തരവ് തൊഴിൽമേളയിൽ പ്രധാനമന്ത്രി കൈമാറി.
"ആഗോള സാഹചര്യം അത്ര നല്ലതല്ലെന്നത് ഒരു വസ്തുതയാണ്. നിരവധി വലിയ സമ്പദ്‌വ്യവസ്ഥകൾ ബുദ്ധിമുട്ടുകയാണ്. പല രാജ്യങ്ങളിലും ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലാണ്," പ്രധാനമന്ത്രി മോദി പറഞ്ഞു.
"നമ്മുടെ രാജ്യത്തിന്മേലുള്ള ഈ ആഘാതം മയപ്പെടുത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നു. ഇതൊരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്, എന്നാൽ നിങ്ങളുടെ അനുഗ്രഹം ഞങ്ങളെ ഇതുവരെ കാത്തുസംരക്ഷിച്ചു," പ്രധാനമന്ത്രി മോദി പറഞ്ഞു.
റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വിഡിയോ കോൺഫ്രൻസിലൂടെ സംവദിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര സർക്കാരിൻറെ 38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് 10 ലക്ഷം പേർക്ക് നിയമനം നൽകുന്നത്.
പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കും ആണ് നിയമനം. ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്രസർക്കാരിനു കീഴിൽ ജോലി നൽകും എന്നും 75,000 യുവാക്കൾക്ക് ദീപാവലിക്ക് മുൻപായി നിയമനം നൽകുമെന്നും കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാരിൻറെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ് )- 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്- 26282, ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)- 92525, ഗ്രൂപ്പ് സി- 8.36 ലക്ഷം എന്നിങ്ങനെയാണ് അടുത്ത ഒന്നര വർഷത്തിനകം നിയമനം നൽകുക. പ്രതിരോധ മന്ത്രാലയം, റെയിൽവേ, ആഭ്യന്തരമന്ത്രാലയം എന്നിയിലാണ് കൂടുതൽ ഒഴിവുവുകൾ..












Click it and Unblock the Notifications