കാസര്‍ഗോഡിന് അടുത്ത് വമ്പന്‍ ടെക് പാര്‍ക്ക് വരുന്നു: സൃഷ്ടിക്കപ്പെടുന്നത് 11,000 തൊഴിലവസരങ്ങള്‍
മംഗളൂരു: ദക്ഷിണേന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിന് തൊട്ടടുത്തുള്ള മംഗളൂരുവില്‍ മെഗാ ടെക് പാര്‍ക്ക് വരുന്നു. ഇതുവഴി 11,000 തൊഴിലവസരങ്ങള്‍ സൃഷ്ടിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ 'ബിയോണ്ട് ബെംഗളൂരു' എന്ന സംരംഭത്തിനു കീഴിലാണ് സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സാങ്കേതിക വികസനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് മംഗളൂരുവില്‍ അത്യാധുനിക ടെക് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഡെറെബെയ്ലിലെ ബ്ലൂബെറി ഹില്‍സ് റോഡിനടുത്തുള്ള 3.285 ഏക്കര്‍ സ്ഥലത്താണ് നിര്‍ദിഷ്ട ടെക് പാര്‍ക്ക് ഉയരുക. നാഷണല്‍ ഹൈവേ 66 ല്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രം അകലെയാണ് ഈ സ്ഥലം.

കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കിയോണിക്സ്) നേതൃത്വം നല്‍കുന്ന ഈ പദ്ധതി ഏകദേശം 11,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതുവഴി ബെംഗളൂരുവിന് ശേഷം മംഗളൂരുവിനെ സംസ്ഥാനത്തെ അടുത്ത പ്രധാന ടെക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഡിസംബറോടെ അന്തിമമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 'ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍' മാതൃകയിലാണ് പാര്‍ക്ക് വികസിപ്പിക്കുക. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് നിര്‍മാണം. കര്‍ണാടകയിലുടനീളം ശക്തമായ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ ടെക് പാര്‍ക്ക് എന്ന് ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
3.52 ലക്ഷം ചതുരശ്ര അടി തറ വിസ്തീര്‍ണമുള്ള ടെക് പാര്‍ക്കിന്റെ നിര്‍മ്മാണത്തിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഏകദേശം മൂന്ന് വര്‍ഷമെടുക്കും. ബെംഗളൂരു കഴിഞ്ഞാല്‍ അതിവേഗം വികസിക്കുന്ന നഗരമായി മംഗളൂരു മാറുകയാണ്.
ഇപ്പോള്‍ തന്നെ കര്‍ണാടകയുടെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മംഗളൂരു ഏകദേശം 5.5 ശതമാനമാണ് സംഭാവന ചെയ്യുന്നത്. ഇതുകൂടാതെ ഐടി, ഫിന്‍ടെക്, മറൈന്‍ ടെക്‌നോളജി മേഖലകളിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കാണ് ഈ തുറമുഖ നഗരം സാക്ഷ്യം വഹിക്കുന്നത്.
രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും ഇവിടെയുണ്ട്. എന്‍ഐടികെ സൂറത്ത്കല്‍, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളുള്ളതിനാല്‍, നഗരത്തിലെ അടിസ്ഥാന വികസന സൗകര്യങ്ങളും ശക്തമാണ്. തുറമുഖങ്ങള്‍, ദേശീയ പാതകള്‍, റെയില്‍വേകള്‍, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുള്ളതിനാല്‍ നിര്‍ദിഷ്ട മെഗാ ടെക് പാര്‍ക്കിലേക്ക് മികച്ച കണക്റ്റിവിറ്റിയും ലഭിക്കും. എല്ലാം കൊണ്ടും ടെക് പാര്‍ക്കിന് അനുയോജ്യമായ സ്ഥലമാണ് മംഗളൂരു.
മംഗളൂരു ടെക് പാര്‍ക്കിന് പുറമേ, വിവിധ ജില്ലകളിലായി 11 കമ്പനികള്‍ ചേര്‍ന്ന് 27,000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് 9,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ ഇവിടെ നിക്ഷേപമിറക്കും.
നഗരത്തിന്റെ വികസനത്തിലും വലിയ പുരോഗതിയാണ് ഉണ്ടാകുന്നത്. വിമാനത്താവള റണ്‍വേ വികസനം, റിങ് റോഡ്, ബെംഗളൂരു-മംഗളൂരു എക്‌സ്പ്രസ് വേ തുടങ്ങിയ വരാനിരിക്കുന്ന പദ്ധതികള്‍ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും.












Click it and Unblock the Notifications