മേഘാലയയിൽ വൻ കുതിപ്പുമായി യുഡിപി, രണ്ടാം സ്ഥാനത്തേക്ക്; കിംഗ് മേക്കറാകുമോ?
തനിച്ച് കേവലഭൂരിപക്ഷം സ്വപ്നം കണ്ട എൻ പി പിക്ക് അധികാരം നേടാൻ മറ്റുള്ളവരുടെ പിന്തുണ ആവശ്യമായി വന്നിരിക്കുകയാണ്

ദില്ലി: മേഘാലയയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആർക്കും കേവല ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. 25 സീറ്റുകളുമായി കോൺറാഡ് സാങ്മ നയിക്കുന്ന എൻ പി പിയാണ് ഏറ്റവും വലിയ ഒറ്റകകഷിയായിരിക്കുന്നത്. സർക്കാർ രൂപീകരിക്കണമെങ്കിൽ ഇനിയും ആറ് സീറ്റുകൾ കൂടി ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് പാർട്ടികളുമായുള്ള സഖ്യസാധ്യത എൻപിപി പരിശോധിച്ചേക്കും.
മാന്ത്രിക സംഖ്യ തികയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ബി ജെ പിയുമായി എൻ പി പി വീണ്ടും സഖ്യമുണ്ടാക്കിയേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ബിജെപിയെ പിന്തള്ളി പ്രാദേശിക കക്ഷിയായ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി ( യുഡിപി) അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചതോടെ മേഘാലയയിൽ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്. മുൻ സഖ്യകക്ഷിയായ യുഡിപിയുമായി എൻപിപി സഖ്യം ഉണ്ടാക്കാനുള്ള സാധ്യതയാണ് ഉയർന്ന് വന്നിരിക്കുന്നത്

തനിച്ചിറങ്ങിയ എൻ പി പി
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ പി പി, ബി ജെ പി, പ്രാദേശിക കക്ഷികളായ യുഡിപി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി,ഹിൽ സ്റ്റേറ്റ്സ് ഡെമോക്രാറ്റിക് പാർട്ടി എന്നിവരുമായി സഖ്യത്തിലായിരുന്നു അധികാരത്തിലേറിയത്. അന്ന് 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ അധികാരത്തിൽ ഏറുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം. ചില സ്വതന്ത്രരും അന്ന് എൻ പി പി-ബി ജെ പി സഖ്യത്തിനൊപ്പം സർക്കാരിൽ പങ്കാളികളായി.
എന്നാൽ ഇത്തവണ ആരുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു എൻ പി പിയും ബി ജെ പിയും തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്.

കേവല ഭൂരിപക്ഷം നേടാനായില്ല
തനിച്ച് വലിയ നേട്ടം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിയിരുന്നു ഇരു പാർട്ടികളും പുലർത്തിയത്. എന്നാൽ ഫല സൂചനകൾ പുറത്ത് വന്നപ്പോൾ ഇരു പാർട്ടികളുടേയും കണക്ക് കൂട്ടലുകൾ പാടെ തെറ്റി. ബി ജെ പിയെ സംബന്ധിച്ച് കാര്യമായ മുന്നേങ്ങളൊന്നും ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല ഇപ്പോൾ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തനിച്ച് കേവലഭൂരിപക്ഷം സ്വപ്നം കണ്ട എൻ പി പിക്ക് അധികാരം നേടാൻ മറ്റുള്ളവരുടെ പിന്തുണ ആവശ്യമായി വന്നിരിക്കുകയാണ്.

യു ഡി പിയുമായി സഖ്യത്തിന് സാധ്യത
മേഘാലയയിൽ തൂക്കുസഭയ്ക്ക് സാധ്യത കൽപ്പിച്ചുള്ള എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ മറ്റ് കക്ഷികളുമായി സഖ്യത്തിന് തയ്യാറാകുമെന്ന് എൻ പി പി സൂചന നൽകിയിരുന്നു. കഴിഞ്ഞ ദിവസം സാങ്മ അസം മുഖ്യമന്ത്രിയും ബി ജെ പിയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ ഹിമന്ത് ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈതോടെ എൻ പി പി വീണ്ടും ബി ജെ പിയുമായി സഖ്യം ഉണ്ടാക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ യുഡിപിയുടെ വൻ മുന്നേറ്റത്തോടെ എൻ പി പി അവരുമായി സഖ്യത്തിന് ശ്രമിച്ചേക്കുമെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.നിലവിൽ 9 സീറ്റുകളിലാണ് യു ഡി പി മുന്നേറുന്നത്.

യു ഡി പിയുടെ നിലപാട്
ബി ജെ പിക്കെതിരെ വലിയ വിമർശനം ഉയർത്തിയായിരുന്നു എൻ പി പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ ബി ജെ പിയുമായി വീണ്ടുമൊരു സഖ്യത്തിന് തയ്യാറാകാതിരിക്കാനായിരിക്കും എൻ പി പിയുടെ ശ്രമം. എൻ പി പി സഖ്യ സാധ്യത മുന്നോട്ട് വെച്ചാൽ യു ഡി പി സർക്കാരിന്റെ ഭാഗമായേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് പ്രാദേശിക കക്ഷിളുടെ പിന്തുണ കൂടി ഉറപ്പാക്കാൻ എൻ പി പിക്ക് സാധിച്ചാൽ ഭരണം സുരക്ഷിതമാകും.

നിലവിലെ ലീഡ് നില ഇങ്ങനെ
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾബി ജെ പിയും കോൺഗ്രസും അഞ്ച് വീതം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. . വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ അപ്രതീക്ഷിത മുന്നേറ്റം കാഴ്ച വെച്ച തൃണമൂൽ കോൺഗ്രസിന് പക്ഷേ പിന്നീട് ലീഡ് നില നിലനിർത്താൻ സാധിച്ചിരുന്നില്ല. ഹിൽസ് ഡെമോക്രാറ്റിക് പാർട്ടി 2 സീറ്റിലും രണ്ട് മണ്ഡലങ്ങളിൽ സ്വതന്ത്രരും മുന്നിട്ട് നിൽക്കുന്നത്.












Click it and Unblock the Notifications