മേഘാലയ തിരഞ്ഞെടുപ്പ് ഫലം; മേഘാലയയിൽ ആദ്യ ലീഡ് എൻപിപിക്ക്; നാഗാലാന്റിൽ ബിജെപി സഖ്യം മുന്നിൽ
എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കുസഭയക്ക് സാധ്യത കൽപ്പിച്ചതോടെ ബി ജെ പിയും എൻ പി പിയും സഖ്യ നീക്കത്തിനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു.

ദില്ലി: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് മേഘാലയിൽ ആദ്യ ഫലസൂചനകൾ എൻപിപിക്ക് അനുകൂലം. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ 20 സീറ്റുകളിലാണ് കോൺറാഡ് സാങ്മയുടെ എൻ പി പി ലീഡ് ചെയ്യുന്നത്. ഇവിടെ ബി ജെ പി 10 സീറ്റിലാണ് മുന്നിൽ. കന്നി പോരാട്ടത്തിന് ഇറങ്ങിയ തൃണമൂൽ കോൺഗ്രസ് 7 സീറ്റിലും ലീഡ് ചെയ്യുന്നു. നാഗാലാൻഡിൽ മുഖ്യമന്ത്രി നെയ്ഫിയു റിയോ നയിക്കുന്ന നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻ ഡി പി പി) ബി ജെ പിയും ചേർന്നുള്ള എൻഇഡിഎ സഖ്യമാണ് മുന്നേറുന്നത്. എൻപിഎഫ് 10 സീറ്റിലും ലീഡ് ചെയ്യുന്നു.
മേഘാലയയിൽ ഇത്തവണ ബി ജെ പിയുമായി സഖ്യത്തിലായിരുന്നില്ല എൻ പി പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കുസഭയക്ക് സാധ്യത കൽപ്പിച്ചതോടെ ബി ജെ പിയും എൻ പി പിയും സഖ്യ നീക്കത്തിനുള്ള ചർച്ചകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രിയും ബി ജെ പി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന ഹിമന്ത ബിശ്വ ശർമ്മ കോൺറാഡ് സാങ്മയുമായി ഗുവാഹട്ടിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിൽ ഇരുപാർട്ടികളും വീണ്ടും കൈകോർത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം നാഗാലാന്റിൽ പ്രതീക്ഷിച്ച ഫലങ്ങൾ തന്നെയാണ് പുറത്ത് വരുന്നത്. ഭരണ സംഖ്യത്തിന് എക്സിറ്റ് പോൾ ഫലങ്ങളിൽ 38 മുതൽ 48 സീറ്റുകൾ വരെ പ്രവചിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി പി പിയും ബി ജെ പിയും ചേർന്നാണ് നാഗാലാൻഡിൽ സർക്കാർ രൂപീകരിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 60 സീറ്റില്‍ 59 എണ്ണത്തിലും ശക്തമായ ത്രികോണ പോരാട്ടമായിരുന്നു നടന്നത്. എൻ ഡി പി പി 40 സീറ്റിലും ബി ജെ പി 20 സീറ്റിലുമായിരുന്നു മത്സരിച്ചത്.
ത്രിപുരയിലും ബി ജെ പി സഖ്യമാണ് ലീഡ് ചെയ്യുന്നത്. 60 അംഗ സഭയിൽ 39 ഓളം സീറ്റുകളിലാണ് ബി ജെ പി-ഐ പി എഫ് ടി സഖ്യം മുന്നേറുന്നത്. ഇവിടെ ബി ജെ പിയെ പൂട്ടാൻ ഇറങ്ങിയ കോൺഗ്രസ്-സി പി എം സഖ്യത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 10 ഓളം സീറ്റിൽ മാത്രമാണ് സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം പ്രധാന പാർട്ടികളെ ഞെട്ടിച്ച് പ്രദ്യോത് ദേബ് ബർമ്മയുടെ തിപ്ര മോത്ത വൻ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നത്. .












Click it and Unblock the Notifications