മേഘാലയ ഫലം; രണ്ട് സീറ്റുള്ള ബിജെപി ഭരണത്തിലെത്തും, പിന്തുണക്കണമെന്ന് അമിത് ഷായോട് സാംഗ്മ
മേഘാലയയില്‍ ആര്‍ക്കും കേവലഭൂരിപക്ഷം നേടാനായിട്ടില്ല. 27 സീറ്റുള്ള എന്‍പിപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി

ഷില്ലോംഗ്: മേഘാലയയില്‍ ബി ജെ പി സഖ്യത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തും എന്ന് ഉറപ്പ്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചരത്തില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ ബി ജെ പി പിന്തുണ തേടി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍റാഡ് സാങ്മ വ്യാഴാഴ്ച അമിത് ഷായെ വിളിച്ചു എന്നാണ് റിപ്പോര്‍ട്ട്. മേഘാലയ തെരഞ്ഞെടുപ്പില്‍ എന്‍ പി പിക്ക് 27 സീറ്റില്‍ ആണ് വിജയിക്കാനായത്. ബി ജെ പിക്ക് രണ്ട് സീറ്റ് ആണ് ഉള്ളത്.
കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് ആണ് വേണ്ടത്. എന്‍ പി പിയും ബി ജെ പിയും ചേര്‍ന്നാലും 29 സീറ്റേ ആകൂ. എന്നാല്‍ കേന്ദ്ര ഭരണമുള്ള ബി ജെ പിയെ ഒപ്പം നിര്‍ത്തി യു ഡി പിയിലേയോ സ്വതന്ത്രരേയോ അടര്‍ത്തി മാറ്റാം എന്നാണ് കോണ്‍റാഡ് സാംഗ്മയുടെ കണക്കുകൂട്ടല്‍.
മേഘാലയയില്‍ ആര്‍ക്കും കേവലഭൂരിപക്ഷം നേടാനായിട്ടില്ല. 27 സീറ്റുള്ള എന്‍ പി പിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് സീറ്റുകള്‍ വീതവും നേടി. നേരത്തെ തന്നെ എന്‍ പി പിയെ പിന്തുണക്കാന്‍ തയ്യാറാണ് എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു.
അതേസമയം നേരത്തെ തന്നെ ബി ജെ പിയുമായുള്ള സഖ്യം ഉടന്‍ പുനരാരംഭിക്കും എന്ന സൂചന കോണ്‍റാഡ് സാങ്മ നല്‍കിയിരുന്നു. എന്‍ പി പിക്ക് ഭൂരിപക്ഷം ലഭിക്കുകയാണ് എങ്കില്‍ തങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കും. ദേശീയ തലത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഞങ്ങള്‍ പിന്തുണക്കും എന്നായിരുന്നു കോണ്‍റാഡ് സാംഗ്മ പറഞ്ഞത്.
അതേസമയം മേഘാലയയില്‍ അഞ്ച് സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനം ശ്രദ്ധേയമായി. പശ്ചിമ ബംഗാളിന് പുറത്ത് സ്വാധീനം വര്‍ധിപ്പിക്കാനുള്ള മമത ബാനര്‍ജിയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് മേഘാലയയിലെ ജനവിധി.












Click it and Unblock the Notifications