ത്രിപുരയും നാഗാലാന്റും മാത്രമല്ല മേഘാലയയും ബിജെപി തന്നെ ഭരിക്കും; അമിത് ഷായെ വിളിച്ച് സാങ്മ
60 അംഗ മേഘാലായ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി 26 സീറ്റുകളായിരുന്നു നേടിയത്

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി തന്നെ ഭരിക്കും. ത്രിപുരയിലും നാഗാലാന്റിലും ബി ജെ പി സഖ്യത്തിന് ഭരണം നിലനിർത്താൻ സാധിച്ചിരുന്നു. മേഘാലയയിൽ കോൺറാഡ് സാങ്മ നയിക്കുന്ന എൻപിപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സാങ്മ ബി ജെ പിയുടെ പിന്തുണ തേടി. ഇതോടെയാണ് മേഘാലയയിലും ബിജെപിക്ക് അധികാരത്തിന് വഴിയൊരുങ്ങിയത്.
60 അംഗ മേഘാലായ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി 26 സീറ്റുകളായിരുന്നു നേടിയത്. ഇതോടെ ഭരണത്തിലേറണമെങ്കിൽ മറ്റ് പാർട്ടികളുടെ പിന്തുണ എൻ പി പിക്ക് ആവശ്യമായി വരികയായിരുന്നു. ബി ജെ പിയുമായി നേരത്തേ സഖ്യത്തിലാണ് എൻ പി പി മേഘാലയ ഭരിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സഖ്യം പിരിയുകയും എൻ പി പി തനിച്ച് മത്സരിക്കുകയുമായിരുന്നു. തൂക്കുസഭയിലേക്ക് സാഹചര്യം നീങ്ങിയതോടെ വൈരം മറന്ന് കേന്ദ്ര മന്ത്രി അമിത് ഷായെ സാങ്മ ബന്ധപ്പെട്ടു.
സാങ്മ അമിത് ഷായെ ബന്ധപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് തൂക്കുസഭയ്ക്ക് സാധ്യത കൽപ്പിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം ഹിമന്ത സാങ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ തന്നെ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ എൻപിപിയും ബിജെപിയും വീണ്ടും കൈകോർത്തേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഇത്തവണയും രണ്ട് സീറ്റുകളാണ് ലഭിച്ചത്.അതേസമയം ബി ജെ പിയെ കൂടാതെ മറ്റു പാര്‍ട്ടികളുടെ പിന്തുണയും സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് ആവശ്യമായി വരും. മുൻ സഖ്യകക്ഷിയായ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയും എൻ പി പി തേടും. ഇത്തവണ ഞെട്ടിച്ച പ്രകടനമായിരുന്നു യു ഡി പി കാഴ്ചവെച്ചത്. 11 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്ത് എത്താൻ യുഡിപിക്ക് സാധിച്ചിരുന്നു.
ത്രിപുരയിലും നാഗാലാന്റിലും ഇത്തവണയും മികച്ച വിജയമായിരുന്നു ബി ജെ പി കാഴ്ച വെച്ചത്.60 അംഗ നിയമസഭയില്‍ 32 സീറ്റുകളാണ് ബി ജെ പിക്ക് നേടാനായത്.. ബി ജെ പി സഖ്യകക്ഷിയായ ഐ പി എഫ് ഒരു സീറ്റിലും വിജയിച്ചു. സി പി എം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലാണ് വിജയിച്ചത്. അതേസമയം കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്ത 13 സീറ്റുകളിലാണ് വിജയം നേടിയത്. നാഗാലന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തി. ബിജെപി എന്‍ഡിപിപി സഖ്യം 37 സീറ്റുകളിലാണ് വിജയിച്ചത്.












Click it and Unblock the Notifications