കശ്മീരില്‍ വിഘടനവാദികളെ ക്ഷണിച്ച് മെഹ്ബൂബ; യോഗം തടഞ്ഞ് പോലീസ്, ഒടുവില്‍ വീട്ടിലേക്ക് ക്ഷണം
ശ്രീനഗര്‍: കശ്മീരില്‍ അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനിടെ സര്‍വകക്ഷി യോഗം വിളിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പിഡിപി അധ്യക്ഷ വിളിച്ച യോഗത്തില്‍ വിഘടനവാദികള്‍ക്കും ക്ഷണമുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും മത നേതാക്കളെയും വിഘടന വാദികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പിഡിപി വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, ശ്രീനഗറിലെ ഹോട്ടലിലാണ് ആദ്യം യോഗം തീരുമാനിച്ചത്. എന്നാല്‍ യോഗം ചേരാന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് മെഹ്ബൂബയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി യോഗം നടക്കുക. നിലവിലെ കശ്മീരിന്റെ സാഹചര്യം ചര്‍ച്ച ചെയ്യുകയും ഐക്യത്തോടെയുള്ള ശബ്ദം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വകക്ഷി യോഗം ചേരുന്നതെന്ന് മെഹ്ബൂബ പറഞ്ഞു.
കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുണ്ടെന്നാണ് കശ്മീരികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഗവര്‍ണറും കേന്ദ്രവും ഇക്കാര്യം നിഷേധിക്കുന്നു. കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതും കശ്മീരികളുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. കശ്മീരിലുള്ള തീര്‍ഥാടകരെയും ടൂറിസ്റ്റുകളെയും സംസ്ഥാനത്തിന് പുറത്തേക്ക് തിരിച്ചെത്തിക്കുന്നത് തുടരുകയാണ്.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗവും ഇന്ന് ചേര്‍ന്നിരുന്നു. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമല്ല എന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പ്രതികരിച്ചത്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ കേന്ദ്രം കശ്മീര്‍ വിഷയത്തില്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ കശ്മീരിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം കശ്മീരില്‍ വിഷയം ഉന്നത ഉദ്യോഗസ്ഥരമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications