തരൂര്‍ നിഷ്‌കളങ്കനെന്ന് മെഹര്‍ തരാര്‍
ദില്ലി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി എന്ന ആരോപണത്തില്‍ ശശി തരൂരിനെ ന്യായീകരിച്ചുകൊണ്ട് പാക് മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാറും. ഒരു ദേശീയ വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് മെഹര്‍ തരാര്‍ തരൂരിനെ ന്യായീകരിച്ചത്. ശശി തരൂര്‍ നിഷ്‌കളങ്കനാണ്. ഇത്തരം പ്രവര്‍ത്തികളില്‍ ശശി തരൂര്‍ ഇടപെടില്ല എന്ന് പറഞ്ഞായിരുന്നു മെഹര്‍ തരൂരിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.
നേരത്തെ, ഐ എസ് ഐ ബന്ധമുള്ള പാക് ജേര്‍ണലിസ്റ്റിന് ശശി തരൂരുമായി ബന്ധമുണ്ട് എന്ന സുനന്ദ പുഷ്‌കറിന്റെ ട്വീറ്റുകള്‍ വന്‍ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് കോളിളക്കങ്ങള്‍ കത്തിനില്‍ക്കേയാണ് സുനന്ദ പുഷ്‌കര്‍ മരിക്കുന്നത്. മെഹര്‍ തരാറും ശശി തരൂരും സുഹൃത്തുക്കള്‍ മാത്രമാണ് എന്ന് പിന്നീട് ഇവര്‍ വിശദീകരിച്ചു. സുനന്ദയുടെ മരണത്തില്‍ നടുക്കമുണ്ട് എന്നും ഇവരുടെ വിവാഹജീവിതത്തില്‍ തനിക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ലെന്നും തരാര്‍ പറഞ്ഞു.

സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലാണ് ഈ വിഷയങ്ങള്‍ വീണ്ടും വാര്‍ത്തകളിലെത്തിച്ചത്. സുധീര്‍ മിശ്രയുടെ പ്രസ്താവന തെറ്റാണ് എന്ന് എയിംസ് അധികൃതര്‍ പിന്നീട് വിശദീകരിച്ചു. എന്നാല്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ഡോക്ടര്‍ വ്യാഴാഴ്ച പറഞ്ഞത്.
എന്തിന് വേണ്ടിയാണ് തന്റെ ആരോപണം എയിംസ് നിഷേധിച്ചത് എന്ന ചോദ്യവും ഡോക്ടര്‍ ഉയര്‍ത്തുന്നുണ്ട്. സുനന്ദയുടെ മരണത്തില്‍ ആരെയൊക്കെയോ രക്ഷിക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം കരുതുന്നു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയായ ശശി തരൂരും പ്രസ്താവന ഇറക്കിയിരുന്നു.












Click it and Unblock the Notifications