സുനന്ദയ്ക്ക് മറുപടി അയക്കരുതായിരുന്നെന്ന് മെഹര്‍ തരാര്‍
ദില്ലി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പൂഷ്ടകറിന്റെ മരണം കൊലപാതകമാണെന്ന് ദില്ലി പോലീസ് കണ്ടെത്തിയതോടെ, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ പ്രതികരണവുമായി രംഗത്തെത്തി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മെഹര്‍ പുതിയ സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
സുനന്ദയുടെ മരണം കൊലപാതകമാണെന്ന പോലീസിന്റെ കണ്ടെത്തലിനോട് യോജിപ്പില്ലെന്ന സൂചനയാണ് മെഹര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കൊലപാതകമാണെന്ന് പോലീസ് പറയുന്നത് സുനന്ദയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണെന്ന് മെഹര്‍ പറയുന്നു. എന്നാല്‍, അന്വേഷണവുമായി ഏതുതരത്തിലും താന്‍ സഹകരിക്കുമെന്ന് അവര്‍ അറിയിച്ചു.

സുനന്ദ മരിക്കുന്നതിനു മുന്‍പ് ഉണ്ടായ സംഭവങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. സുനന്ദയുടെ ട്വീറ്റുകള്‍ക്ക് താന്‍ ഒരിക്കലും പ്രതികരിക്കുകയും ചെയ്യരുതായിരുന്നു. സുനന്ദയുടെ കേസില്‍ തന്നെ എല്ലായിപ്പോഴും വലിച്ചിഴയ്ക്കുന്നതെന്താണെന്ന് മനസിലാകുന്നില്ല. അക്കാര്യത്തില്‍ രോഷമുണ്ടെന്നും മെഹര്‍ വ്യക്തമാക്കി.
മെഹര്‍ തരാരും ശശി തരൂരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സുനന്ദ ശശി തരൂരുമായി പരസ്യമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഹോട്ടല്‍ മുറിയില്‍ കയ്യാങ്കളി ഉണ്ടായതായും പറയുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് സുനന്ദ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications