സുനന്ദ കേസ് വീണ്ടും ചൂടുപിടിയ്ക്കുന്നു... മെഹര്‍ തരാറിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചോദ്യം ചെയ്തു?
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയും ആയ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. അന്വേഷണ സംഘം പാക് മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാറിനെ ചോദ്യം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ശശി തരൂരും പാക് മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാറും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. സുനന്ദ പുഷ്‌കര്‍ തന്നെ ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകയായ നളിനി സിങ് വ്യക്തമാക്കിയിരുന്നു.

രണ്ടോ മൂന്നോ മാസം മുമ്പാണ് ചോദ്യം ചെയ്യലിനായി മെഹര്‍ തരാര്‍ ഇന്ത്യയില്‍ എത്തിയത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ച് മൂന്ന് മണിക്കൂറോളം അന്വേഷണം സംഘം മെഹര്‍ തരാറിനെ ചോദ്യം ചെയ്തു എന്നാണ് പറയുന്നത്. വനിത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നത്രെ ചോദ്യം ചെയ്യല്‍.
ശശി തരൂരും മെഹര്‍ തരാറും കൈമാറിയ സന്ദേശങ്ങള്‍ സംബന്ധിച്ച് മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സുനന്ദ പുഷ്‌കര്‍ ട്വിറ്ററില്‍ എഴുതിയ കുറിപ്പുകള്‍ വലിയ വിവാദമായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ തരാര്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തരൂരുമായി അത്തരത്തിലുള്ള ബന്ധമുണ്ടായിരുന്നില്ലെന്നാണത്രെ തരാര്‍ വ്യക്തമാക്കിയത്.
2014 ജനുവരി 17 ന് ആയിരുന്നു ദില്ലിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംശയത്തിന്റെ മുനകള്‍ ശശി തരൂരിലേയ്ക്ക് നീണ്ടിരുന്നു.












Click it and Unblock the Notifications