രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മീരാകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
രാജ്ഘട്ടില്‍ എത്തി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് മീരാകുമാര്‍ പത്രിക സമര്‍പ്പിച്ചത്.
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍, ജെഡിയു നേതാവ് ശരത് പവാര്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ ശവകുടീരത്തിങ്കലെത്തി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് മീരാകുമാര്‍ പത്രിക സമര്‍പ്പിച്ചത്.
വിദേശപര്യടനത്തിലുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മീരാകുമാറിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. വിഭജിക്കുന്ന ആശയമല്ല, ഒറ്റ രാജ്യമായി നമ്മെ ഒന്നിച്ചു നിര്‍ത്തുന്ന ആശയമാണ് മീരാകുമാര്‍ പ്രതിനിധാനം ചെയ്യുന്നതെന്നും മീരാകുമാര്‍ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആയതില്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജാതിപ്പോരാട്ടമല്ല, മറിച്ച് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മീരാകുമാര്‍ പറഞ്ഞിരുന്നു.

ജൂണ്‍ 28 ആണ് പത്രിക സ്വീകരിക്കുന്ന അവസാന ദിവസം. സൂക്ഷ്മ പരിശോധന 29 ന്. ജൂലൈ 1 വരെ പത്രിക പിന്‍വലിക്കാം. ജൂലെ 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.ജൂലൈ 20 നാണ് വോട്ടെണ്ണല്‍ നടക്കുക.












Click it and Unblock the Notifications