മെസി-റൊണാള്‍ഡോ, കോഹ്ലി-രോഹിത്... ആരെ തിരഞ്ഞെടുക്കും? രാഹുലിന്റെ കിടിലന്‍ മറുപടി
ന്യൂദല്‍ഹി: അസമിലെ പ്രതിദിന്‍ മീഡിയ നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുത്ത് കൊണ്ട് രാഹുല്‍ ഗാന്ധി പങ്ക് വെച്ച തന്റെ ഇഷ്ടങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയം, കായികം, വിനോദം എന്നീ മേഖലകളിലെ ഇഷ്ടങ്ങളെ കുറിച്ചാണ് രാഹുല്‍ ഗാന്ധി മനസ് തുറക്കുന്നത്. ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരെ കുറിച്ചുള്ള താരതമ്യമാണ് രാഹുലിനോട് ചോദിക്കുന്നത്.
മെസിയെ ആണോ റൊണാള്‍ഡോയേ ആണോ ഇഷ്ടം എന്ന ചോദ്യത്തിന് റൊണാള്‍ഡോ എന്നാണ് രാഹുല്‍ ഗാന്ധി മറുപടി പറയുന്നത്. റൊണാള്‍ഡോയുടെ സഹജീവികളോടുള്ള ദയയാണ് തന്റെ ഇഷ്ടത്തിന് ആധാരമെന്നും എന്നാല്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം മെസിയാണ് എന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. താനൊരു ഫുട്‌ബോള്‍ ടീം ഉണ്ടാക്കിയാല്‍ അതില്‍ കളിക്കാരന്‍ എന്ന നിലയില്‍ മെസി ഉണ്ടാകും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ക്രിക്കറ്റിനേക്കാള്‍ തനിക്ക് ഇഷ്ടം ഫുട്‌ബോളാണ് എന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരില്‍ നിന്ന് ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് രാഹുല്‍ നല്‍കിയത്. താന്‍ ക്രിക്കറ്റ് നന്നായി ഫോളോ ചെയ്യുന്ന ആളല്ല എന്നും അതിനാല്‍ അതില്‍ ഒരു താരതമ്യം നടത്തുന്നത് ശരിയല്ല എന്നും രാഹുല്‍ പറഞ്ഞു.
ഭാരതം, ഇന്ത്യ എന്നിവയില്‍ ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ഇന്ത്യ എന്നാല്‍ ഭാരതം തന്നെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നെറ്റ്ഫ്‌ലിക്‌സോ വര്‍ക്കൗട്ടോ എന്ന ചോദ്യത്തിന് വര്‍ക്കൗട്ട് ആണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും തനിക്ക് ഇഷ്ടമാണ് എന്നും അതിനാല്‍ അതില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ കാലത്തെ താടിയാണോ വൃത്തിയായി ഷേവ് ചെയ്ത ലുക്കോ ഇഷ്ടം എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളില്‍ താന്‍ ശ്രദ്ധാലുവല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗോഡ്ഫാദറോ ഡാര്‍ക്ക് നൈറ്റോ എന്ന ചോദ്യത്തിന് ബുദ്ധിമുട്ടുള്ള തിരഞ്ഞെടുപ്പാണെന്നും രണ്ടും വളരെ ആഴത്തില്‍ സ്വാധീനിച്ച സിനിമകളാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കില്‍ താന്‍ എന്തും ആകുമായിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു. 'എന്റെ അനന്തരവനോടും അവന്റെ സുഹൃത്തുക്കളോടും സംസാരിക്കുമ്പോള്‍ ഞാന്‍ ഒരു അധ്യാപകനാണ്. അടുക്കളയിലായിരിക്കുമ്പോള്‍ ഞാന്‍ ഒരു പാചകക്കാരനാണ്. രാഷ്ട്രീയക്കാരന്‍ എന്റെ ഒരു ഫ്രെയിം മാത്രമാണ്, നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത ഫ്രെയിമുകള്‍ ഉണ്ട്,' രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications