മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്തതും (രൂപമാറ്റം വരുത്തിയതും) അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കാന്‍ അനുവദിച്ചെന്നാരോപിച്ച്, മെറ്റാ ഇന്ത്യ മേധാവിക്കെതിരെ പൊലീസ് കേസ്. മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി നിരവധി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയും ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
നിലവില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ കേസില്‍, 29 വയസുള്ള വ്യവസായി എസ്. അരവിന്ദ് റെഡ്ഡിയാണ് പരാതിക്കാരന്‍. 'ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിനിടെ, പ്രധാനമന്ത്രിയെ അശ്ലീലവും അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയില്‍ ചിത്രീകരിക്കുന്ന, മോര്‍ഫ് ചെയ്തതും ഡിജിറ്റലായി മാറ്റം വരുത്തിയതുമായ നിരവധി വീഡിയോകളും ചിത്രങ്ങളും എന്റെ ശ്രദ്ധയില്‍പ്പെട്ടു,' അരവിന്ദ് പരാതിയില്‍ പറയുന്നു.

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനൊപ്പം മോദിയെ അശ്ലീലമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എഡിറ്റ് ചെയ്ത ചിത്രവും ഇതില്‍ ഉള്‍പ്പെട്ടിരുന്നതായി പരാതിയില്‍ പറയുന്നു. ഈ ഉള്ളടക്കം ഡിജിറ്റലായി മാറ്റം വരുത്തിയതോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതോ ആണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം പോസ്റ്റുകള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും വിദ്വേഷമോ ക്രമസമാധാന പ്രശ്‌നങ്ങളോ ഉണ്ടാക്കാനും പ്രമുഖ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും സാധ്യതയുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു. രണ്ടാമത്തെ കേസില്‍, തെലങ്കാന ബിജെപി പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമായ ടി. സായ് കിരണ്‍ ഗൗഡ് ആണ് പരാതി നല്‍കിയത്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനിടെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അശ്ലീലമായ റീല്‍സുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടതായി അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പൊതുസമാധാനം എന്നിവയ്ക്ക് ഹാനികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതായി ആരോപിക്കപ്പെടുന്ന അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സായ് കിരണ്‍ ആവശ്യപ്പെട്ടു.
'ഇന്ത്യയുടെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നതും, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതുസമാധാനം എന്നിവയ്ക്ക് ദോഷകരമായേക്കാവുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന ചില ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തെലങ്കാന പ്രവര്‍ത്തകരായ ഞങ്ങള്‍ ഈ പരാതി സമര്‍പ്പിക്കുന്നു,' എന്ന് പരാതിയില്‍ പറയുന്നു.
ഐടി ആക്റ്റിലെ സെക്ഷന്‍ 66-സി (ആള്‍മാറാട്ടം/ഐഡന്റിറ്റി തെഫ്റ്റ്), 67 (അശ്ലീല ഉള്ളടക്കം ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നിവ പ്രകാരവും, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 353(2) (പൊതു അസ്വസ്ഥതയ്ക്ക് കാരണമാകുന്ന പ്രസ്താവനകള്‍), 336(4) (പ്രശസ്തിക്ക് ഹാനികരമാകുന്ന വ്യാജ ഇലക്ട്രോണിക് രേഖ) എന്നിവ പ്രകാരവുമാണ് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
അതിനിടെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീക്കെതിരെ കേസെടുത്തു. നോയിഡ സ്വദേശിയായ രുചിക സിങ്ങിനെതിരെ ഗാസിയാബാദ് സ്വദേശിയായ സ്മൃതി സിംഗ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഗൗതം ബുദ്ധ് നഗറിലെ എക്‌സ്പ്രസ്വേ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ജൂലൈ 23-ന് നടന്ന പ്രതിഷേധത്തിനിടെ രുചിക സിങ് പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരവും മോശവുമായ ഭാഷ ഉപയോഗിച്ചെന്നും, അതുവഴി ഭരണഘടനാപരമായ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ പരാമര്‍ശങ്ങള്‍ വിദ്വേഷം വളര്‍ത്താനും പൊതുസമാധാനം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും, സാമൂഹിക അസ്വസ്ഥതയ്ക്കും വര്‍ഗീയ സൗഹാര്‍ദ്ദം തകരുന്നതിനും കാരണമായേക്കാമെന്നും പരാതിക്കാരി പറഞ്ഞു.





Click it and Unblock the Notifications