ജാഗ്രതയും നടപടിയും: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടിയുമായി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയില്‍ അതിവേഗത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പായി മാറിയിരിക്കുകയാണ് 'ഡിജിറ്റല്‍ അറസ്റ്റ്'. പോലീസ് ഉദ്യോഗസ്ഥരോ ഉന്നത സർക്കാർ ഉദ്യോഗസ്ഥരോ ആയി വേഷംമാറുന്ന തട്ടിപ്പുകാർ ജനങ്ങളെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപയാണ് ഇതിനോടകം തട്ടിയെടുത്തിരിക്കുന്നത്. സാധാരണക്കാർ മുതല്‍ പ്രമുഖർ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് വിധേയരാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇത്തരം കേസുകള്‍ വലിയ തോതില്‍ റിപ്പോർട്ട് ചെയ്ത് തുടങ്ങിയതോടെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ശക്തമായ നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശനമായ നിയമനടപടികളോടൊപ്പം തന്നെ വലിയ തോതിലുള്ള ബോധവത്കരണ പരിപാടികളും ആരംഭിച്ചു. തട്ടിപ്പുകാർക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് ഒപ്പം തന്നെ ജനങ്ങൾക്കിടയിൽ ജാഗ്രത വർധിപ്പിക്കുകയെന്ന ലക്ഷ്യവും ആഭ്യന്തര മന്ത്രാലയത്തിനുണ്ട്.

ആഭ്യന്തര മന്ത്രാലയം വിഷയം ഗൌരവത്തോടെ എടുത്തതോടെ നിരവധി തട്ടിപ്പുകാരും വലയിലായി കഴിഞ്ഞു. 81 വയസ്സുള്ള വയോധികയെ വനിതയെ കബളിപ്പിച്ച് 7.8 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ കാർത്തിക് ചൗധരിയെന്ന ഇരുപതുകാരനെ മുംബൈയില്‍ വെച്ച് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വ്യാജ സന്ദേശങ്ങളിലൂടേയും വീഡിയോ കോളുകളിലൂടെയും ഭീഷണിപ്പെടുത്തി വൃദ്ധയില്‍ നിന്ന് തട്ടിയ പണത്തില്‍ നിന്നും 1.98 ലക്ഷം രൂപ പിൻവലിച്ച് മറ്റുള്ളവർക്ക് കൈമാറിയ കാർത്തിക്, കമ്മീഷനായി ഒരു തുക സ്വീകരിച്ചു.
ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലും സമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 120.3 കോടി രൂപയുടെ നഷ്ടം ഈ തട്ടിപ്പുകൾ മൂലം ഉണ്ടായെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്.
തട്ടിപ്പിന്റെ രീതി
തട്ടിപ്പുകാർ സാധാരണ രീതിയില്‍ എന്ന നിലയില്‍ വിളിച്ച്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, ആധാർ നമ്പറുകൾ, അല്ലെങ്കിൽ കൊറിയർ പാഴ്‌സലുകൾ എന്നിവ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവകാശപ്പെടും. നിശ്ചിത തുക "പിഴയായി" അടയ്ക്കാത്തപക്ഷം ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തലാണ് അടുത്ത ഘട്ടം. വ്യാജ "ഡിജിറ്റൽ അറസ്റ്റ് ലെറ്ററുകൾ, അന്വേഷണ ഏജന്‍സികളുടെ ഓഫീസ്" എന്നിവയും ഒരുക്കി ആധികാരികത സൃഷ്ടിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒരു അന്വേഷണ ഏജൻസിയും ഇത്തരം ഡിജിറ്റൽ അറസ്റ്റ് നോട്ടീസുകൾ പുറപ്പെടുവിക്കുന്നില്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രാലയം സ്വീകരിച്ച നടപടികള്‍
1. റിപ്പോർട്ടിംഗും വേഗത്തിലുള്ള പ്രതികരണവും
- നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP), 1930 ഹെൽപ്പ്‌ലൈൻ എന്നിവ വഴി പൗരന്മാർക്ക് തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യാം.
- സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം (CFCFRMS) സംശയാസ്പദമായ അക്കൗണ്ടുകൾ മരവിപ്പിച്ച് വൻതുകകൾ വീണ്ടെടുക്കാൻ സഹായിക്കുന്നു.
2. ദേശവ്യാപക നടപ്പാക്കൽ
- സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 9.42 ലക്ഷം സിം കാർഡുകളും 2.63 ലക്ഷം IMEI നമ്പറുകളും തടഞ്ഞു.
- ഇന്ത്യൻ നമ്പറുകളെ അനുകരിക്കുന്ന അന്താരാഷ്ട്ര സ്‌പൂഫ് കോളുകൾ തടയാൻ ടെലികോം ദാതാക്കൾ സർക്കാരുമായി സഹകരിക്കുന്നു.
3. ജനകീയ ബോധവൽക്കരണം
പത്രങ്ങൾ, ടെലിവിഷൻ, മെട്രോ പ്രഖ്യാപനങ്ങൾ, പ്രസാർ ഭാരതി സംപ്രേഷണങ്ങൾ, സോഷ്യൽ മീഡിയ എന്നിവ വഴി തട്ടിപ്പിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നു.
4. ഏകോപനം
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്റർ എന്നിവ ബാങ്കുകൾ, ടെലികോം ദാതാക്കൾ, സംസ്ഥാന പോലീസ് എന്നിവയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു
പോലീസ് യൂണിറ്റുകൾക്ക് പരിശീലനവും ശേഷി വർധിപ്പിക്കലും നൽകി അന്വേഷണം വേഗത്തിലാക്കുന്നു.
ജാഗ്രത
മുംബൈയിലെ കേസ്, സൈബർ കുറ്റവാളികൾ അവരുടെ രീതികൾ നിരന്തരം പരിഷ്കരിക്കുന്നു എന്നതിനോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ വേഗത്തിലും സമർത്ഥമായും പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ തെളിവുമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വലിയ തോതിലുള്ള നിയമനിർവ്വഹണം, സാങ്കേതികവിദ്യാധിഷ്ഠിത നിരീക്ഷണം, വൻതോതിലുള്ള ബോധവൽക്കരണം എന്നിവ ഫലം കാണുന്നുമുണ്ട്.
ജനം ഓർക്കേണ്ടത്: ഒരു സർക്കാർ ഏജന്‍സിയും ഫോണിലൂടെയോ ഓൺലൈൻ നോട്ടീസുകൾ വഴിയോ പണം ആവശ്യപ്പെടില്ല. ഇത്തരം സമീപനങ്ങൾ സംശയാസ്പദമായി കണക്കാക്കണം. ഇത്തരം സന്ദേശം ലഭിച്ചാല്‍ ഉടൻ 1930 വഴിയോ എൻസിആർപി പോർട്ടൽ വഴിയോ റിപ്പോർട്ട് ചെയ്യണം.
സുരക്ഷിതമായ ഡിജിറ്റൽ ഇന്ത്യ
നടപടികൾ ശക്തമാകുന്നതോടെ തട്ടിപ്പുകാർക്ക് സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള അവസരങ്ങൾ കുറയ്ക്കുന്നു. ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിക്കുന്നു.
ബോധവാനായിരിക്കൂ, ജാഗ്രത പാലിക്കൂ: ഏറ്റവും പുതിയ അലേർട്ടുകൾ, ടിപ്പുകൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ എന്നിവയ്ക്കായി CyberDost-നെ യുട്യൂബ്, ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക്, എക്സ്, വാട്സ് ആപ്പ്, ഡെയ്ലി ഹണ്ട് എന്നിവ വഴി ഫോളോ ചെയ്യൂ. ബോധവാനായിരിക്കൂ, ജാഗ്രത പാലിക്കൂ, ഓൺലൈനിൽ സുരക്ഷിതരായിരിക്കൂ.












Click it and Unblock the Notifications