കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതി, ഭക്ഷണം റെയില്‍വെ നല്‍കണം

  • By Desk
Google Oneindia Malayalam News

ദില്ലി: കുടിയേറ്റ തൊഴിലാളികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് വിഷയത്തില്‍ ഇടപെട്ട് സുപ്രീംകോടതി. തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. മാത്രമല്ല, അവര്‍ക്ക് ഭക്ഷണം റെയില്‍വെ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതുമുതല്‍ കുടിയേറ്റ തൊഴിലാളികലുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുകയാണ്.

i

കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ച് വിശദമായ ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ തൊഴിലാളികള്‍ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പലരും മരിച്ചുവീണ സംഭവവുമുണ്ടായി. മരിച്ചുകിടക്കുന്ന അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകുട്ടിയുടെ ദയനീയമായ ചിത്രവും കഴിഞ്ഞദിവസം വന്നിരുന്നു. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികളുടെ യാത്രയും ഭക്ഷണവുമാണ് പ്രധാന വിഷയമെന്നും കോടതി വിലയിരുത്തി.

സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പ്രകാരം ട്രെയിനുകള്‍ റെയില്‍വെ അനുവദിക്കണം. തൊഴിലാളികളില്‍ നിന്ന് ബസുകളിലോ ട്രെയിനുകളിലോ ടിക്കറ്റ് ഈടാക്കരുത്. കേന്ദ്രവും സംസ്ഥാനങ്ങളും റെയില്‍വെയും ചേര്‍ന്ന് ചെലവ് പങ്കിടണം. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കേണ്ടത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഇക്കാര്യം അവര്‍ പരസ്യപ്പെടുത്തണം. തൊഴിലാളികള്‍ ട്രെയിനില്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് അവര്‍ക്ക് ഭക്ഷണവും വെള്ളവും സംസ്ഥാനങ്ങള്‍ നല്‍കണം. യാത്ര ആരംഭിച്ചാല്‍ ഭക്ഷണവും വെള്ളവും നല്‍കേണ്ടത് റെയില്‍വെയാണ്. ബസുകളില്‍ യാത്ര ചെയ്യുന്ന തൊഴിലാളികള്‍ക്കും ഭക്ഷണവും വെള്ളവും സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷന് സംസ്ഥാനങ്ങള്‍ മേല്‍നോട്ടം വഹിക്കണം. ബസ്, ട്രെയിന്‍ യാത്രകള്‍ ഉറപ്പ് വരുത്തണം. ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരസ്യപ്പെടുത്തണം. റോഡുകളിലൂടെ കുടിയേറ്റ തൊഴിലാളികള്‍ നടന്നുനീങ്ങുന്നുണ്ടെങ്കില്‍ ഉടനെ അവരെ അഭയ കേന്ദ്രങ്ങളിലെത്തിക്കണം. ശേഷം ഭക്ഷണവും മറ്റും നല്‍കണമെന്നും കോടതി വ്യക്തമാക്കി.

നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളെ തടഞ്ഞു നിര്‍ത്താന്‍ പാടില്ല. എത്രയും വേഗം അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കണം. കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ച് വെള്ളിയാഴ്ച പ്രതികരണം അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

English summary
Migrant cannot be charged for travel by train or buses: Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X