കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിനേക്കാൾ വലിയ പ്രശ്നം! കേന്ദ്ര സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീം കോടതി!

Google Oneindia Malayalam News

ദില്ലി: കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തെ ഏറ്റവും നടുക്കുന്ന കാഴ്ചയാണ് ദില്ലിയില്‍ നിന്നും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം. നൂറ് കണക്കിന് കിലോമീറ്ററുകളാണ് ആയിരങ്ങള്‍ കാല്‍നടയായി താണ്ടുന്നത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം രംഗത്തെത്തി കഴിഞ്ഞു.

കൂട്ടപ്പലായന വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടിരിക്കുകയാണ്. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. വിശദാംശങ്ങള്‍ ഇങ്ങനെ...

ആയിരങ്ങളുടെ പലായനം

ആയിരങ്ങളുടെ പലായനം

അപ്രതീക്ഷിതമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെ നിലച്ചതോടെ നഗരങ്ങളില്‍ നിന്നും ഇവര്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെ പോകാനുളള വഴി അടഞ്ഞു. ജോലിയില്ലാത്തതും ഭക്ഷണം ഇല്ലാത്തതും വാടക കൊടുക്കാന്‍ പണം ഇല്ലാത്തതും കാല്‍നടയായി നാട്ടിലേക്ക് പോകാന്‍ ആയിരങ്ങളെ നിര്‍ബന്ധിതരാക്കി.

ഇടപെട്ട് സുപ്രീം കോടതി

ഇടപെട്ട് സുപ്രീം കോടതി

ബീഹാര്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലേക്കാണ് ദില്ലിയില്‍ നിന്നും ആളുകള്‍ കൂട്ടമായി യാത്ര ചെയ്യുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഈ കൂട്ട പലായനം. ഇവര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുന്നു. അതിനിടെയാണ് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

കേന്ദ്രം റിപ്പോർട്ട് നൽകണം

കേന്ദ്രം റിപ്പോർട്ട് നൽകണം

കൂട്ടപലായനം സംബന്ധിച്ച് ആവശ്യമായ നടപടികളെടുക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവര്‍ അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലോക്ക് ഡൗണ്‍ കാരണം സുപ്രീം കോടതി അടച്ചിട്ടിരിക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹര്‍ജി പരിഗണിച്ചത്. കൂട്ടപ്പലായനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ആശയക്കുഴപ്പം ഉണ്ടാക്കാനില്ല

ആശയക്കുഴപ്പം ഉണ്ടാക്കാനില്ല

നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കേന്ദ്രത്തിന് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങളോ ഉത്തരവുകളോ സുപ്രീം കോടതി നല്‍കിയിട്ടില്ല. സർക്കാർ ഇതിനകമെടുത്ത നടപടികളിൽ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കാനില്ലെന്ന് ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ ഇടപെടാന്‍ തല്‍ക്കാലം സുപ്രീം കോടതിക്ക് ഉദ്ദേശമില്ല.

വൈറസിനേക്കാൾ അപകടകരം

വൈറസിനേക്കാൾ അപകടകരം

ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന പല കാര്യങ്ങളും സര്‍ക്കാര്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ലോകത്ത് പടരുന്ന കൊറോണ വൈറസിനേക്കാള്‍ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് ഭയവും പരിഭ്രാന്തിയും മൂലമുളള പലായനമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂട്ട പലായനത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കേന്ദ്രം റിപ്പോര്‍ട്ട് നല്‍കുന്നത് വരെ കാത്തിരിക്കാന്‍ ഹര്‍ജിക്കാരോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ചൊവ്വാഴ്ച പരിഗണിക്കും

ചൊവ്വാഴ്ച പരിഗണിക്കും

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കാനുളളതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കേസ് കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കുടിയേറ്റ തൊഴിലാളികളുടെ പലായനം അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ നിധി ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് ഭക്ഷണം അടക്കമുളള സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

English summary
Migration of Workers: SC asks Centre to file status report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X