'മിലേ സുര്‍ മേരാ...'; കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഏറ്റെടുത്ത വരികളുടെ സൃഷ്ടാവ് ഓര്‍മയാകുമ്പോള്‍
ഇന്ത്യയില്‍ 90 കിഡ്‌സും ജെന്‍സി കിഡ്സും ഒരു പോലെ മനസില്‍ കൊണ്ടുനടക്കുന്ന അവസ്മരണീയമായ പരസ്യ ചിത്രങ്ങളുടെ സൃഷ്ടാവാണ് വിടവാങ്ങിയ പിയൂഷ് പാണ്ഡെ. ഫെവികോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാന്‍ കാരണമായ പരസ്യങ്ങളുടെ പിന്നിലെ മനോഹരമായ ആശയങ്ങളുടെ ഉടമയാണ് എഴുപതാം വയസില്‍ വിടവാങ്ങിയത്.
ഏറെ നാളുകളായി രോഗബാധയെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് മുംബൈയിലെ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ നടക്കും
നാലു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജന്‍സിയായ ഒഗില്‍വി ഇന്ത്യയിലാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്. ഒഗില്‍വിയിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരനെ പോലും വൈകാരികമായി സ്പര്‍ശിക്കുന്ന പരസ്യങ്ങളാണ് അദ്ദേഹം ചെയ്തത്. ഇന്ത്യയുടെ ദേശീയതയെ ആഴത്തില്‍ സ്പര്‍ശിക്കുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ പരസ്യങ്ങള്‍.

ദൂരദര്‍ശനും ശക്തിമാനും ക്രിക്കറ്റും ഒക്കെ പോലെ ഇന്ത്യക്കാരുടെ മനസിലെ നൊസ്റ്റാള്‍ജിയയാണ് പിയൂഷ് ചെയ്ത പരസ്യങ്ങളും. ഇരുപത്തേഴാം വയസില്‍ ജോലി ആരംഭിക്കുമ്പോള്‍ പാശ്ചാത്യ ലോകത്തെ പരസ്യങ്ങളാണ് ഇന്ത്യയില്‍ സ്വാധീനം ചെലുത്തിയിരുന്നത്. അതില്‍ നിന്ന് വിഭിന്നമായി ഇന്ത്യയുടെ സാംസ്‌കാരികതയില്‍ ഊന്നിയ പരസ്യങ്ങള്‍ അദ്ദേഹത്തിന്റെ മനസില്‍ പിറവിയെടുത്തു. അതെല്ലാം നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
ഇന്ത്യയുടെ സാംസ്‌കാരികവും പ്രാദേശികവുമായ വൈവിധ്യത്തെ ആഘോഷിക്കുന്ന, ദേശീയോദ്ഗ്രഥന കാമ്പെയ്‌നായ 'മിലേ സുര്‍ മേരാ തുമാരാ' എന്ന ഗാനത്തിന് വരികള്‍ എഴുതിയതും പിയൂഷ് പാണ്ഡെയാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന ഭാഷ വൈവിധ്യത്തെ ഒരു പാട്ടിലൂടെ കൊണ്ടുവന്നത് ഇന്നും അത്ഭുതമായി നിലനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ മരണശേഷം ഈ ഗാനം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചിരിക്കുകയാണ്.
ഒരു കാലത്ത് ഇന്ത്യയിലെ ലക്ഷക്കണക്കിന് ടെലിവിഷനിലൂടെയും റേഡിയോകളിലൂടെയും തലമുറകളുടെ മനസില്‍ കാണാപ്പാഠമായി മാറിയ ഈ ഗാനത്തിന്റെ ആവിഷ്‌കാരം ഇന്നും വിസ്മയമാണ്. ഹിന്ദുസ്ഥാനി കര്‍ണാടക പ്രാദേശിക സംഗീതങ്ങളെ സംയോജിപ്പിച്ച് ലതാ മങ്കേഷ്‌കര്‍, ഭീംസെന്‍ ജോഷി, അമിതാഭ്, ബച്ചന്‍ ഹേമമാലിനി തുടങ്ങിയ അതുല്യ പ്രതിഭകളെ ഒരുമിച്ചു കൊണ്ടുവന്ന ഗാനത്തിന്റെ വരികള്‍ പിയൂഷ് ഇന്ത്യക്ക് നല്‍കിയ ആ വലിയ സംഭാവനയാണ്.
പിയൂഷിന്റെ മിക്ക പരസ്യങ്ങളും യുവതലമുറ നെഞ്ചേറ്റിയതാണ്. തന്റെ കാമുകന്‍ അടങ്ങുന്ന ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിക്കാന്‍ ഒരു കാഡ്ബറി ഡയറി മില്‍ക്ക് കടിച്ചുപിടിച്ച് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഓടിയിറങ്ങുന്ന ആ സുന്ദരിയായ പെണ്‍കുട്ടിയെ എങ്ങനെ മറക്കാനാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുന്ന പരസ്യങ്ങള്‍ ആണ് അദ്ദേഹം സൃഷ്ടിച്ചത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫെവിക്കോളിന്റെ പരസ്യം. എത്ര തല്ലിയിട്ടും പൊട്ടാത്ത കോഴിമുട്ടയും തലമുറകളോളം കൈമാറുന്ന സോഫയ്ക്കു പിന്നിലെ ഇന്ത്യന്‍ പാരമ്പര്യവുമൊക്കെ അദ്ദേഹം നര്‍മരസത്തോടെയാണ് അവതരിപ്പിച്ചത്.
പരസ്യങ്ങള്‍ മാത്രമല്ല സാമൂഹിക കാമ്പെയ്‌നുകളിലും അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചു. 90കളുടെ തുടക്കത്തില്‍ അമിതാഭ് ബച്ചന്‍, ജാക്കി ഷ്രോഫ്, ഐശ്വര്യ റായി തുടങ്ങിയ താരങ്ങളെ അണിനിരത്തി ചെയ്ത പോളിയോ വാക്‌സിനേഷനെ കുറിച്ച് അവബോധം വളര്‍ത്തുന്ന ക്യാമ്പയിനും അദ്ദേഹത്തിന്റെ സംഭാവനയാണ്.
1955 സെപ്റ്റംബര്‍ അഞ്ചിന് ജനിച്ച പിയൂഷ് പാണ്ഡെ ജയ്പൂര്‍ സെന്റ് സേവിയര്‍ സ്‌കൂളിലും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നാണ് അദ്ദേഹം ഓഗില്‍വിയില്‍ ചേര്‍ന്നത്. പിയൂഷ് പാണ്ഡെയുടെ നേതൃത്വത്തില്‍ ഒഗില്‍വി ഇന്ത്യയിലെ ഒന്നാംനിര പരസ്യ ഏജന്‍സിയായി ഉയരുകയും ചെയ്തു. മരണം വരെ അദ്ദേഹം അവിടെ തുടരുകയും ചെയ്തു.












Click it and Unblock the Notifications