മിലിന്ദ് ദേവ്റ ശിവസേനയിൽ ചേർന്നു; 'വിശ്വസിക്കുന്നത് നേട്ടങ്ങളുടെ രാഷ്ട്രീയത്തിൽ'
കോൺഗ്രസ് വിട്ട മിലിന്ദ് ദേവ്റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിൽ ചേർന്നു. കോൺഗ്രസിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു പാർട്ടി പ്രവേശം. നേട്ടങ്ങളുടെ രാഷ്ട്രീയത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് പാർട്ടി പ്രവേശനത്തിന് പിന്നാലെ മിലിന്ദ് പ്രതികരിച്ചു.
'ഞാൻ നേട്ടങ്ങളുടെ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. അല്ലാതെ വേദനയുടേയും വ്യക്തിപരമായ വിമർശനങ്ങളുടേയും നീതികേടിന്റേയും നിഷേധാത്മകതയുടേയും രാഷ്ട്രീയത്തിലല്ല', മിലിന്ദ് പറഞ്ഞു. മോദിജിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെ പിന്തുണയ്ക്കാനും മുംബൈയെയും മഹാരാഷ്ട്രയെയും ശക്തിപ്പെടുത്താനുമാണ് താൻ ശിവേസനയ്ക്കൊപ്പം കൈകോർത്തതെന്നും മിലിന്ദ് പ്രതികരിച്ചു.

ഞായറാഴ്ചയായിരുന്നു മിലിന്ദ് കോൺഗ്രസിൽ നിന്നും രാജി വെച്ചത്. എക്സിലൂടെയാണ് 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് മിലിന്ദ് വ്യക്തമാക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തർക്കമാണ് രാജിയിൽ കലാശിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുരളി ദിയോറയുടെ മകനായ മിലിന്ദ് അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മണ്ഡലമായ മുംബൈ സൗത്ത് നിന്നായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും അദ്ദേഹം ഇവിടെ നിന്ന് പരാജയപ്പെട്ടു. ഇത്തവണയും കോൺഗ്രസ് ടിക്കറ്റിൽ ഇവിടെ നിന്ന് മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മിലിന്ദ്. എന്നാൽ സിറ്റിങ് സീറ്റിൽ തങ്ങൾ തന്നെ മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം നിലപാടെടുത്തു. ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ നിന്നുള്ള എംപി. ഇതാണ് മിലിന്ദിനെ ചൊടിപ്പിച്ചത്.
ശിവസേന സീറ്റ് വിട്ടുതരില്ലെന്ന് നിലപാടെടുത്തതോടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മിലിന്ദ് രംഗത്തെത്തിയിരുന്നു. സ്വയം സീറ്റ് പ്രഖ്യാപനം നടത്താൻ സഖ്യ കക്ഷികൾക്ക് സാധിക്കില്ലെന്നായിരുന്നു മിലിന്ദ് പ്രതികരിച്ചത്. അതേസമയം സീറ്റ് വിട്ടുനൽകില്ലെന്ന് ശിവസേന നിലപാട് കടുപ്പിച്ചതോടെയാണ് മിലിന്ദ് കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
അതേസമയം ഷിൻഡെ വിഭാഗത്തിനൊപ്പം എത്തിയെങ്കിലും മുംബൈ സൗത്ത് മണ്ഡലം ബി ജെ പി ലക്ഷ്യമിടുന്നതിനാൽ ലോക്‌സഭാ സീറ്റ് മിലിന്ദിന് കിട്ടാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ അദ്ദേഹത്തിനെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. മിലിന്ദ് നിർദ്ദേശം അംഗീകരിച്ചേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ മിലിന്ദിന്റെ രാജിയിൽ ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന ദിവസം തന്നെയാണ് രാജിക്കായി തിരഞ്ഞെടുത്തത് പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications