കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മന്ത്രിയുടെ വീട് ആക്രമിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരുടെ ആക്രമണം. മന്ത്രി അബ്ദുള്‍ റഹ്മാന് വീരിയുടെ അനന്ത്നാഗിലെ വീടിനു നേര്‍ക്കാണ് തിങ്കളാഴ്ച വൈകിട്ടോടെ ആക്രമണമുണ്ടായത്. മന്ത്രി സുരക്ഷിതനാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വെടിവെയ്പിനുശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
മെഹബൂബ മന്ത്രിസഭയില്‍ റോഡ് ബില്‍ഡിംഗ് മന്ത്രിയാണ് അബ്ദുള്‍ റഹ്മാന്. മന്ത്രി വീട്ടില്‍ ഇല്ലാത്ത സമയത്താണ് ആക്രമണമുണ്ടായത്. അതിനിടെ, കത്വ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നതിനിടെയാണ് ഭീകരാക്രമണം.
ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റത്തിന് സഹായിക്കാനാണ് പാക്കിസ്ഥാന്റെ പ്രകോപനപരമായ വെടിവെയ്പ്പെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക് വെടിവെയ്പ്പില്‍ രണ്ട് ബിഎസ് എഫ് ജവാന്മാരും ഒരു കുട്ടിയും മരിച്ചിരുന്നു. ഇന്ത്യ തിരിച്ചടിച്ചതില്‍ 7 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം.