ദില്ലിയിലെ ഇസ്രായേല്‍ എംബസിക്കു സമീപം സ്ഫോടനം; ഇസ്രായേല്‍ അന്വേഷണ സംഘം ഇന്ത്യയില്‍
ന്യൂഡല്‍ഹി; വെള്ളിയാഴ്ച്ച വൈകിട്ട് ദില്ലിയിലെ ഇസ്രായേല്‍ എംബസിക്കടുത്തുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്രായേല്‍ അന്വേഷണ സംഘം ഇന്ത്യയിലെത്തും. സ്ഫോടനത്തില്‍ ഏതെങ്കിലും ഭീകരവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടോ, ഇസ്രയേലി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രണമാണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് അന്വേഷണ സംഘം എത്തുന്നത്. അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെത്തും.
ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്ന ദില്ലിയിലെ ലൂട്യസില്‍ അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒരു കാറിന് കേടുപാടുകള്‍ സന്ദര്‍ശിച്ചു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദികള്‍ ആണോയെന്ന് സംശയിക്കുന്നതായി ഇസ്രായേല്‍ പ്രതികരിച്ചിരുന്നു.സംഭവം അന്വേഷിക്കുന്ന ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചാകും ഇസ്രായേല്‍ സംഘത്തിന്റെ അന്വേഷണം.
2012ല്‍ ദില്ലിയില്‍ വെച്ച് ഇസ്രായേലി നയതന്ത്രജ്ഞന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിനായി ഇസ്രായേല്‍ സംഘം ഇന്ത്യയില്‍ എത്തിയിരുന്നു. സംഭവം നടന്ന സ്ഥലവും ഇറാന് സ്വദേശിയായ ആക്രമി താമസിച്ച ഹോട്ടലും അന്ന് ഇസ്രായേല്‍ സംഘം സന്ദര്‍ശിച്ചിരുന്നു.
വെള്ളിയാഴ്ച്ച നടന്ന ആക്രമത്തില്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദില്ലി പൊലീസ് അഡീഷണല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദികള്‍ ആയിരിക്കാനുള്ള സാധ്യത കുറവാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്ഫോടനം നടന്ന സ്ഥലത്തു നിന്നും ഇസ്രായേല്‍ എംബസിയുടെ അഡ്രസ് എഴുതിയ ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ കത്തിനുള്ളില്‍ എന്താണ് ഉള്ളതെന്ന് പുറത്തുവിട്ടിട്ടില്ല.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇസ്രായേലി നയതന്ത്രജ്ഞന് ഗാബി അഷെക്നാസിയെ വിളിച്ച് ഇസ്രായേല്‍ എംബസിക്ക് എല്ലാവിധ സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്കി.