സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 51480 രൂപയാകും? എട്ടാം ശമ്പള കമ്മീഷന്‍ ജനുവരിയില്‍ വരുമോ?
ഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ സംബന്ധിച്ച ചർച്ചകള്‍ വീണ്ടും സജീവമാകുന്നു. 2016-ൽ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷൻ കാലാവധി 2026 ജനുവരിയിൽ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത ശമ്പള രൂപീകരിക്കണമെന്ന് ആവശ്യം വിവിധ ട്രേഡ് യൂണിയനുകള്‍ ശക്തമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ട്രേഡ് യൂണിയിന്‍ നേതാക്കള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.
സാധാരണ ഗതിയില്‍ രണ്ട് ശമ്പള കമ്മീഷനുകള്‍ക്കിടയില്‍ 10 വർഷത്തെ ഇടവേളയാണ് കേന്ദ്ര സർക്കാർ പിന്തുടരാറുള്ളത്. ഇത് അനുസരിച്ച് അടുത്തവർഷം ജനുവരി ഒന്നിന് തന്നെ എട്ടാം സമ്പള കമ്മീഷന്‍ പ്രാബല്യത്തില്‍ വരേണ്ടതാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ഡിഎ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളെല്ലാം പരിഷ്കരിക്കുന്നത് ശമ്പള കമ്മീഷന്റെ നിർദേശപ്രകാരമാണ്. അതായത് കമ്മിഷൻ്റെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് കേന്ദ്രം ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തുന്നത്.

എട്ടാം ശമ്പള കമ്മീഷന്‍ നിലവില്‍ വരുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങളില്‍ റെക്കോർഡ് രീതിയിലുള്ള വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയപ്പോൾ ശമ്പളവും പെന്‍ഷനും കണക്കാകുന്ന ഫിറ്റ്‌മെൻ്റ് ഘടകം 3.68 ആയി ഉയർത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സർക്കാർ ഇത് 2.57 ആയിട്ടാണ് ഉയർത്തിയത്.
2.57 ഫിറ്റ്‌മെൻ്റ് ഘടകം എന്ന ഈ തീരുമാനത്തോടെയാണ് അതുവരെ ഉണ്ടായിരുന്ന 7000 രൂപയെന്ന കുറഞ്ഞ ശമ്പളം 18000 രൂപയായി ഉയർന്നത്. കുറഞ്ഞ പെന്‍ഷന്‍ തുക 3500 രൂപയിൽ നിന്ന് 9000 രൂപയായി ഉയർത്തുകയും ചെയ്തു. അതോടൊപ്പം തന്നെ ഉയർന്ന ശമ്പളം 250000 രൂപയായും ഉയർന്ന പെന്‍ഷന്‍ 125000 രൂപയായും നിശ്ചയിച്ചിരുന്നു.
എട്ടാം ശമ്പള കമ്മീഷന്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഫിറ്റ്മെന്റ് ഘടകം കുറഞ്ഞത് 2.86 ആയെങ്കിലും ഉയർത്തുമെന്നാണ് ട്രേഡ് യൂണിയനുകള്‍ പ്രതീക്ഷിക്കുന്നത്. നാഷണൽ കൗൺസിൽ ഓഫ് ജോയിൻ്റ് കൺസൾട്ടേറ്റീവ് മെഷിനറി (ജെസിഎം) സെക്രട്ടറി (സ്റ്റാഫ് സൈഡ്) ശിവ് ഗോപാൽ മിശ്ര ഉള്‍പ്പെടേയുള്ളവർ ഇത്തരം ആവശ്യങ്ങള്‍ അടുത്തിടെ ഉയർത്തിയിട്ടുണ്ട്.
ഫിറ്റ്‌മെൻ്റ് ഘടകം 2.86 ആയി അംഗീകരിച്ചാൽ തന്നെ ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർദ്ധനവിന് കാരണമാകും. അതായത് സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം നിലവിലെ 18000 രൂപയിൽ നിന്ന് 51480 രൂപയായി ഉയരും. പെൻഷന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അത് 9000 രൂപയിൽ നിന്ന് 25740 രൂപയായും ഉയർന്നേക്കാം.
ജുലൈ മാസത്തില്‍ പാർലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് മുമ്പ് തന്നെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രചരണങ്ങള്‍ ഉയർന്നിരുന്നു. ബജറ്റ് സമ്മേളനത്തിൽ കേന്ദ്രം കമ്മീഷന്‍ രൂപീകരണ പ്രഖ്യാപന നടത്തിയേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബജറ്റിലും അതിന് ശേഷം ഇതുവരേയും പുതിയ കമ്മീഷന്‍ രൂപീകരണം സംബന്ധിച്ച് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications