നാപ്‌റ്റോളിന് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഇനി വേണ്ട; ചാനലുകൾക്ക് നിർദ്ദേശം
ദില്ലി: നാപ്‌റ്റോള്‍ ഷോപ്പിംഗ് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്താന്‍ ഇന്ത്യയിലെ എല്ലാ സ്വകാര്യ ടി വി ചാനലുകള്‍ക്കും നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം സെന്‍സൊഡെയിന്‍ ടൂത്ത് പേസ്റ്റിന്റെ പരസ്യം പരസ്യങ്ങളുടെ പ്രേക്ഷേപണം നിര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെലിഷോപ്പിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകള്‍ നടത്തുന്ന നാപ്‌റ്റോളും സെന്‍സോഡൈനും അവരുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ ഉത്തരവ് പാലിക്കാത്തത് 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്സ് ( റെഗുലേഷന്‍ ) ആക്ട് , 1994 ചട്ടങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള പരസ്യ കോഡിന്റെ ലംഘനമാണെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴില്‍ രൂപീകരിച്ച ഉപഭോക്തൃ കാര്യ വകുപ്പിന്റെ നിയമപരമായ സ്ഥാപനമാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പങ്ക്.
അന്തരിച്ച രാം വിലാസ് പാസ്വാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരിക്കെ 2020 ലാണ് ഇത് രൂപീകരിച്ചത്. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നിധി ഖാരെയുടെ നേതൃത്വത്തിലുള്ള ഈ സമിതി, കമ്പനികളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഉപഭോക്തൃ അവകാശ ലംഘനങ്ങളുടെയും അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ക്കെതിരെയും നിലകൊള്ളുന്നതാണ് ഈ സമിതി.
കമ്പനിയ്ക്ക് തങ്ങളുടെ അവകാശവാദങ്ങളെ സാധൂകരിക്കാനുള്ള അവസരം നല്‍കിയിരുന്നു. എന്നാല്‍ അവയെ സാധൂകരിക്കുന്ന ഒരു ഡാറ്റയും ഞങ്ങള്‍ക്ക് ഇപ്പോഴും അവരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് നിധി ഖാരെ അറിയിച്ചു. നാപ്റ്റോള്‍ ഉത്തരവ് പാലിക്കുകയും അവര്‍ക്ക് ചുമത്തിയ പിഴ അടയ്ക്കുകയും ചെയ്തു, എന്നാല്‍ ഉത്തരവിനെതിരെ സെന്‍സോഡൈന്‍ അപ്പീല്‍ നല്‍കുകയാണ് ചെയ്തതെന്ന് നിധി ഖാരെ വ്യക്തമാക്കി .












Click it and Unblock the Notifications