വാഹനങ്ങള്‍ക്ക് ഇനി ഭാരത് സീരീസ് രജിസ്‌ട്രേഷന്‍; സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാം
ദില്ലി: വാഹന രജിസ്‌ട്രേഷന്‍ മേഖലയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കി രാജ്യത്താകെ ഏകീകൃത സംവിധാനം കൊണ്ടുവരാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
പുതിയ തീരുമാനപ്രകാരം ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയി വാഹനം ഉപയോഗിക്കുന്നവര്‍ക്കുള്ള റീ രജിസ്‌ട്രേഷന്‍ ഒഴിവാക്കാനാകും. ഭാരത് സീരീസ് എന്ന് പേരിട്ടിരിക്കുന്ന ഈ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രജിസ്‌ട്രേഷന്‍ നമ്പറില്‍ വ്യത്യാസമുണ്ടാകും.

പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്കും പുതിയ സംവിധാനത്തില്‍ മുന്‍ഗണന ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം, ഒരാള്‍ക്ക് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനം ഒഴികെയുള്ള മറ്റൊരു സംസ്ഥാനത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം സൂക്ഷിക്കാനുള്ള അനുവാദമില്ല, അതില്‍ കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ ഒരു പുതിയ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ പുതിയ നിയമനം നിലവില്‍ വന്നാല്‍ ഈ സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും.

പുതിയ ബിഎച്ച്-സീരീസ് മാര്‍ക്ക് ഉപയോഗിച്ച്, ഉടമകള്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്ക് ആവശ്യമില്ല. നിലവില്‍, ഒരു വാഹനം ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്ന പ്രക്രിയ വളരെ നീണ്ടതാണ്.

ഉടമകള്‍ അവരുടെ പഴയ സംസ്ഥാനത്ത് നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്, തുടര്‍ന്ന് അത് പുതിയ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് റോഡ് നികുതി അടയ്ക്കുകയും വേണം. ഒപ്പം അവിടെ ഇതിനകം അടച്ച റോഡ് നികുതിയ്ക്ക് ഉടമകള്‍ പഴയ സംസ്ഥാനത്ത് റീഫണ്ടിനായി അപേക്ഷിക്കേണ്ടതുണ്ട്. ഒരോ സംസ്ഥാനത്തും റീഫണ്ട് പ്രക്രിയ വ്യത്യസ്തമാണ്.

പുതിയ ഭാരത് സീരിസില്‍ രജിസ്ര്‌ട്രേഷന്‍ ചെയ്യുമ്പോള്‍ വാഹന നമ്പറില്‍ വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വര്‍ഷത്തിലെ അവസാന രണ്ടക്കങ്ങള്‍ , ബിഎച്ച് (B.H) എന്നീ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായിരിക്കും. രാജ്യത്ത് നിലവില്‍ അതാത് സംസ്ഥാനങ്ങളുടെ ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്‌ട്രേഷന്‍ നടത്തുന്നത്. നിലവില്‍ ഓരോ സംസ്ഥാനങ്ങളും 15 വര്‍ഷത്തേക്കാണ് നികുതി, പുതിയ നിയമം പ്രാവര്‍ത്തികമായാല്‍ ഭാര്ത് രജിസ്‌ട്രേഷനില്‍ രണ്ട് വര്‍ഷമായിരിക്കും.












Click it and Unblock the Notifications