14 കാരി സ്‌കൂളിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചു,പൊക്കിള്‍കൊടി കൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമം
ചാമരാജനഗര്‍: കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ആദിവാസി സ്‌കൂളില്‍ പഠിയ്ക്കുന്ന 14 വയസ്സുകാരി ടോയ്‌ലറ്റില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കി. ടോയ്‌ലറ്റില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോഴാണ് അധ്യാപകര്‍ വിവരമറിയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം പാചകം ചെയ്യ്ത് കൊടുക്കുന്ന യുവതിയാണ് പെണ്‍കുട്ടി പ്രസവിച്ച് കിടക്കുന്നത് കണ്ടത്.
പ്രസവത്തിന് ശേഷം പൊക്കിള്‍കൊടി സ്വയം മുറിച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പാചകകാരി പറയുന്നു. മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിനെയും അമ്മയെയും ചാമരാജനഗറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തുന്നത് വരെ പെണ്‍കുട്ടി കുഞ്ഞിന് മുലയൂട്ടിയില്ലെന്നും പറയുന്നു.

രണ്ട് മാസം മുന്‍പ് മുതല്‍ സ്‌കൂള്‍ യൂണിഫോം ധരിക്കാതെയാണ് എത്തിയിരുന്നത് എന്ന് അധ്യാപകര്‍ പറയുന്നു. പാവാടയും ബ്ലൗസും ഷാളുമാണ് ധരിച്ചിരുന്നത്. ശാരീരികമായി മാറ്റങ്ങളൊന്നും ശ്രദ്ധിക്കാന്‍ അധ്യാപകര്‍ക്കും കഴിഞ്ഞില്ല. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അഞ്ചാം ക്ലാസിലേക്ക് അഡ്മിഷന്‍ എടുക്കുമ്പോഴെ താന്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞു.
കുടുംബ സുഹൃത്തായ ശിവു എന്ന യുവാവാണ് കുട്ടിയുടെ അച്ഛന്‍. രണ്ട് വര്‍ഷത്തിലധികമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായ വിവരം വീട്ടില്‍ അമ്മയ്ക്ക് മാത്രമേ അറിയുകയുള്ളൂ. അച്ഛനോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന പേടിയായിരുന്നു. അബോഷന്‍ ചെയ്യാന്‍ പെണ്‍കുട്ടിയുടെ അമ്മ നിര്‍ബന്ധിച്ചെങ്കില്‍ താന്‍ തയ്യാറാകാതിരുന്നതാണ് എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് കുട്ടിയുമായി പോകാന്‍ കഴിയാത്ത കാരണമാണ് കൊല്ലാന്‍ ശ്രമിച്ചത്. അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ എത്തിച്ചതിന് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ മടങ്ങിയത്.












Click it and Unblock the Notifications