ദലിത് വിദ്യാര്‍ഥികളെ ബലമായി വസ്‌ത്രം അഴിപ്പിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
ലക്‌നൗ: യുപിയിലെ ഹാപൂരില്‍ ദലിത് വിദ്യാര്‍ഥികളെ ബലമായി വസ്‌ത്രം അഴിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.
മേല്‍ ജാതിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഫോട്ടോ എടുക്കുന്നതിന് വേണ്ടി വിദ്യാര്‍ഥിനികളുടെ യൂണിഫോം അഴിപ്പിച്ച സംഭവത്തിലാണ്
നടപടി. വിഷയത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷനും റിപ്പോര്‍ട്ട് തേടിയിരുന്നു.
എഫ്‌ഐആർ ഫയൽ ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകിയതായി ഹാപൂർ ജില്ലാ മജിസ്‌ട്രേറ്റും വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 11നാണ് നാലാം ക്ലാസ് വിദ്യാര്‍ഥിനികളെ ഹാപൂരിലെ സ്കൂളില്‍ നിര്‍ബന്ധിപ്പിച്ച് വസ്ത്രം അഴിപ്പിച്ചത്. തുടര്‍ന്ന് മേല്‍ ജാതിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഫോട്ടോ എടുക്കാനായി വസ്ത്രം നല്‍കുകയായിരുന്നു. വസ്ത്രം നല്‍കാൻ വിസമതിച്ച വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് അദ്യാപകര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

സംഭവത്തില്‍ പ്രധാന അധ്യാപക അര്‍ച്ചന ഗുപ്തയേയും, രണ്ട് അധ്യാപികമാരെയും അധികൃതര്‍ സസ്‌പെൻഡ് ചെയ്‌തു. അതേസമയം സംഭവം ഒത്തുതീര്‍പ്പാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ പിതാവ് ആരോപിച്ചു. താൻ പരാതിപ്പെട്ടിട്ടും അധ്യാപകർക്കെതിരെ ഇതുവരെ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഗ്രാമവാസികള്‍ ഉള്‍പ്പടെ തന്നെ സമ്മർദ്ദത്തിലാക്കുകയാണ്. അധ്യാപകർക്കെതിരെ ജില്ല മജിസ്‌ട്രേറ്റ് ഓഫീസിൽ പരാതി നൽകിയിരുന്നതായും കുട്ടിയുടെ പിതാവ് ആരോപിച്ചു.
എന്നാല്‍ ദേശീയ പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ വനിത കോൺസ്റ്റബിൾമാർ ഉൾപ്പെടെയുള്ള സംഘം പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ വിശദീകരണം.












Click it and Unblock the Notifications