ബീഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വഭാവദൂഷ്യം ആരോപിച്ച് നാട്ടുകൂട്ടം
ഗയ: ബീഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. രക്ഷപെട്ടെത്തിയ പെൺകുട്ടിയോട് നാട്ടുകൂട്ടത്തിന്റെയും ക്രൂരത. പെൺകുട്ടിക്ക് സ്വഭാവദൂഷ്യം ആരോപിച്ച് തലമുണ്ഡനം ചെയ്ത് പൊരിവെയിലത്ത് നടത്തിച്ചു. ആഴ്ചകൾ പിന്നിട്ട ശേഷമാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പെൺകുട്ടിയെ ഒരുകൂട്ടം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോകുന്നത്.
പെൺകുട്ടിയെ പഞ്ചായത്ത് കെട്ടിടത്തിന്റെ സമീപത്ത് എത്തിച്ച ശേഷം ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അവശനിലയിലാണ് പെൺകുട്ടിയെ കണ്ട നാട്ടുകാരിൽ ചിലർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ പ്രതികളുടെ ഉന്നതബന്ധങ്ങൾ മൂലം നാട്ടുകൂട്ടത്തിന്റെ അതിക്രൂരമായ നടപടിക്ക് പെൺകുട്ടിയെ വിധേയയാക്കുകയായിരുന്നു.

പെൺകുട്ടിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. പെൺകുട്ടിയുടെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ പൊരിവെയിലത്ത് നടത്തിച്ചു. സംഭവം പുറത്ത് പറയരുതെന്ന് പെൺകുട്ടിയേയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയും മാതാവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയ ശേഷം മാത്രമാണ് പോലീസ് നടപടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ശിക്ഷ വിധിച്ച നാട്ടുകൂട്ടത്തിന്റെ ഭാരവാഹികളെയും പ്രതി ചേർത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


Click it and Unblock the Notifications