സുഹൃത്ത് ബലാത്സംഗത്തിനിരയാക്കി; മൈനര്‍ പെണ്‍കുട്ടി ദില്ലി മെട്രോ സ്‌റ്റേഷനില്‍ പ്രസവിച്ചു
ദില്ലി: സുഹൃത്തിനാല്‍ ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ദില്ലി മെട്രോ സ്‌റ്റേഷനിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചു. ആറുമാസം പ്രായമുള്ള വളര്‍ച്ചയെത്താത്ത ഭ്രൂണമാണ് പെണ്‍കുട്ടി പ്രസവിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുല്‍ഷന്‍ തന്നെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തശേഷം പെണ്‍കുട്ടിയെ ബലമായി ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയായിരുന്നു. ഇതിനുശേഷം വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടിയോട് അബോര്‍ഷന്‍ ചെയ്യാനായിരുന്നു ഗുല്‍ഷന്റെ നിര്‍ദ്ദേശം. തുടക്കത്തില്‍ ഇത് അവഗണിച്ചെങ്കിലും ഭീഷണി ഉയര്‍ന്നതോടെ അബോര്‍ഷന് സമ്മതിച്ചു. ഇതിനുവേണ്ടി തന്റെ സുഹൃത്തുക്കളെ ഒപ്പംകൂട്ടി പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുന്ന മധ്യേയായിരുന്നു അത്യാഹിതം സംഭവിച്ചത്.
ദില്ലി കേശവപുരം മെട്രോ സ്‌റ്റേഷനില്‍വെച്ച് വേദനയനുഭവപ്പെട്ട പെണ്‍കുട്ടി ഉടന്‍ ടോയ്‌ലറ്റിലേക്ക് പോവുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ മെട്രോ മെഡിക്കല്‍ സംഘത്തിന്റെ സഹായം എത്തിച്ചു. പെണ്‍കുട്ടിക്ക് ബ്ലീഡിങ് ഉണ്ടായിരുന്നെന്നും ടോയ്‌ലറ്റില്‍ ഭ്രൂണത്തെ പ്രസവിച്ചെന്നും അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തിലാണ്.












Click it and Unblock the Notifications