''ഇന്ത്യയിലെ 15 ഇടത്ത് മിസൈൽ ആക്രമണം, വ്യോമസേനാ ആസ്ഥാനം തകർത്തു'', വ്യാജ വാർത്തകൾ അഴിച്ച് വിട്ട് പാകിസ്താൻ
ന്യൂ ഡല്‍ഹി: പെഹല്‍ഗാമില്‍ വീണ ഇന്ത്യയുടെ കണ്ണീരിന് കര-വ്യോമ-നാവിക സേനകള്‍ കൈകോര്‍ത്ത് നല്‍കിയ മറുപടി പാകിസ്താനെ വിറപ്പിച്ചിരിക്കുകയാണ്. 23 മിനുറ്റ് നീണ്ട ഓപറേഷന്‍ സിന്ദൂര്‍ തച്ചുടച്ചത് പാകിസ്താനിലും പാക് അധീന കശ്മീരിലുമുളള 9 ഭീകരകേന്ദ്രങ്ങള്‍. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് സൈന്യം നടത്തിയ ആക്രമണത്തില്‍ 12 പാക് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അതിന് പിന്നാലെ ജമ്മു കശ്മീരില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഓപറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്താനില്‍ നിന്നും വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കാണ്. പാക് മാധ്യമങ്ങളും സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളുമാണ് ഇന്ത്യയില്‍ നിന്നേറ്റ തിരിച്ചടി മറയ്ക്കാനുളള വ്യാജപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകളിലൊന്ന് പറയുന്നത് ഓപറേഷന്‍ സിന്ദൂറിന് പാകിസ്താന്‍ കനത്ത മറുപടി നല്‍കിയെന്നും ഇന്ത്യയിലെ 15 ഇടങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തി എന്നുമാണ്.

തീര്‍ന്നിട്ടില്ല, ശ്രീനഗറിലെ വ്യോമസേനാ ആസ്ഥാനം പാക് വ്യോമ സേന ആക്രമിച്ചുവെന്നും ഇന്ത്യന്‍ സൈനിക ബ്രിഗേഡ് ആസ്ഥാനം തകര്‍ത്തുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ അവകാശപ്പെടുന്നു. ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടു എന്നാണ് എക്‌സിലെ ഒരു അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ പറയുന്നത്. രാജസ്ഥാനിലെ ബാര്‍മറില്‍ 2024 സെപ്റ്റംബറില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്ന് വീണതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍.
പാക് അനുകൂലികളുടെ അക്കൗണ്ടുകള്‍ വ്യാപകമായാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സുമായി ബന്ധമുളള, നിരവധി ഫോളോവേഴ്‌സ് ഉളള എക്‌സ് അക്കൗണ്ടുകള്‍ ആണ് ഈ വ്യാജ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് അക്കൗണ്ട് അടക്കമുളളവ പാകിസ്താന്റെ വ്യാജ അവകാശവാദങ്ങള്‍ വസ്തുതാപരമായി പൊളിച്ചടുക്കി രംഗത്ത് വന്നിട്ടുണ്ട്.
ശ്രീനഗറിലെ വ്യോമസേനാ ആസ്ഥാനം തകര്‍ത്തു എന്ന് അവകാശപ്പെട്ട് കൊണ്ട് പാക് അനുകൂലികള്‍ പങ്കുവെയ്ക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ 2024ല്‍ പാകിസ്താനിലെ തന്നെ ഖൈബര്‍ പഖതുംഖ്വയില്‍ നടന്നിട്ടുളള ആക്രമണങ്ങളുടേതാണ് എന്ന് പിഐബി ഫാക്ട് ചെക്ക് കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയെ തിരിച്ച് ആക്രമിച്ചു എന്ന് അവകാശപ്പെട്ട് പാകിസ്താന്‍ പ്രചരിപ്പിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പഴയ സംഭവങ്ങളുടേതോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും നടന്ന ആക്രമണങ്ങളുടേയോ ദൃശ്യങ്ങള്‍ ആണെന്നാണ് വ്യക്തമാകുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങള്‍ പാകിസ്ഥാനിലെ പ്രധാന മാധ്യമങ്ങള്‍ അടക്കം ഏറ്റുപിടിക്കുന്ന കാഴ്ചയും കാണാം.
Social media posts falsely claims that Pakistan destroyed Indian Brigade Headquarters.#PIBFactCheck
— PIB Fact Check (@PIBFactCheck) May 7, 2025
❌ This claim is #FAKE
✅ Please avoid sharing unverified information and rely only on official sources from the Government of India for accurate information. pic.twitter.com/9W5YLjBubp












Click it and Unblock the Notifications