ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി; പാകിസ്താന്‍ പോലീസ് കസ്റ്റഡിയില്‍, ശരീരത്തില്‍ മുറിവുകള്‍
ദില്ലി: പാകിസ്താനില്‍ തിങ്കളാഴ്ച രാവിലെ കാണാതായ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി. ഇവരെ പാകിസ്താന്‍ പോലീസിന് കൈമാറി. പാകിസ്താന്‍ പോലീസില്‍ നിന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ ഇവരെ ജാമ്യത്തിലെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഉദ്യോഗസ്ഥരുടെയും ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ പാകിസ്താന്‍ പ്രതിനിധികളെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ രാത്രിയോടെയാണ് ഉദ്യോഗസ്ഥരെ കണ്ടെത്തിയതും മോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചതും. വിശദാംശങ്ങള്‍ ഇങ്ങനെ...

തിങ്കളാഴ്ച രാവിലെ
തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെയാണ് രണ്ട് ഉദ്യോഗസ്ഥരെയും കാണാതായത്. ഇവരില്‍ ഒരാള്‍ ഓഫീസ് ഡ്രൈവര്‍റാണ് എന്നാണ് വിവരം. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പിന്നീട് പുറത്തുവന്ന വിവരം.

ശരീരത്തില്‍ മുറിവുകള്‍
ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഓഫീസില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഇസ്ലാമാബാദ് സെക്രട്ടേറിയറ്റ് പോലീസ് സ്‌റ്റേഷനിലാണ് ഉദ്യോഗസ്ഥരുള്ളത്. ഇവരുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് മര്‍ദ്ദിച്ചതാണോ പരിക്കിന് കാരണമെന്ന് വ്യക്തമല്ല.

വൈദ്യ പരിശോധന
വൈദ്യ പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്നാണ് വിവരം. റോഡ് അപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പാകിസ്താന്‍ ഏറെ വൈകി സ്ഥിരീകരിച്ചിരുന്നു. വിഷയത്തില്‍ പ്രതികരണം തേടി ദില്ലിയിലെ പാകിസ്താന്‍ ഓഫീസുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിരുന്നു.

ഡ്രൈവറും സിഐഎസ്എഫ് ഉദ്യോഗസ്ഥനും
ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഓഫീസിലെ ഒരു ഡ്രൈവറും സിഐഎസ്എഫ് ഉദ്യോഗസ്ഥനെയുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്. അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതാണെന്ന് പിന്നീട് വിവരം പുറത്തുവന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു എന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പരിക്കുകള്‍ എങ്ങനെ
ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ദില്ലിയില്‍ പാകിസ്താന്‍ പ്രതിനിധികളോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയില്‍ വച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം ഏറ്റുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം, നാട്ടുകാര്‍ പിടികൂടിയ വേളയില്‍ മര്‍ദ്ദിച്ചതാണോ എന്നും വ്യക്തമല്ല.

പാകിസ്താന്റെ പ്രതികാരമോ
കഴിഞ്ഞാഴ്ച ഇന്ത്യ രണ്ട് പാകിസ്താന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ചാരപ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനുള്ള പ്രതികാരമായിട്ടാണോ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ പോലീസ് കസ്റ്റഡിയിലെടുത്തത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications