ബെംഗളൂരുവിൽ കാണാതായ മലയാളി യുവാവ് മരിച്ചനിലയിൽ! മൃതദേഹം റോഡരികിലെ ഓടയിൽ... എട്ട് ദിവസത്തിന് ശേഷം...
മാർച്ച് 18 ഞായറാഴ്ച രാത്രി 11 മണി വരെ ട്രിപ്പ് ബുക്ക് ചെയ്തിരുന്ന റിൻസനെക്കുറിച്ച് ഇതിനുശേഷം വിവരമൊന്നും ലഭിച്ചിരുന്നില്ല.
ബെംഗളൂരു: ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളി ടാക്സി ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയും ഓല ടാക്സി ഡ്രൈവറുമായ റിൻസനെയാണ് ഹൊസൂരിന് സമീപം ഭദ്രാപ്പള്ളിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റോഡിന് സമീപത്തെ ഓടയിൽ നിന്നാണ് റിൻസന്റെ അഴുകിയ മൃതദേഹം ലഭിച്ചത്.
ബെംഗളൂരുവിലെ ഓല ടാക്സി ഡ്രൈവറായിരുന്ന റിൻസനെ മാർച്ച് 18 മുതലാണ് കാണാതായത്. രാത്രി വൈകിയിട്ടും റിൻസൻ വീട്ടിൽ എത്താതിരുന്നതിനാൽ ബന്ധുക്കൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പലയിടത്തായി റിൻസനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് റിൻസനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.

മാർച്ച് 18 ഞായറാഴ്ച രാത്രി 11 മണി വരെ ട്രിപ്പ് ബുക്ക് ചെയ്തിരുന്ന റിൻസനെക്കുറിച്ച് ഇതിനുശേഷം വിവരമൊന്നും ലഭിച്ചിരുന്നില്ല. 11 മണിക്ക് ബുക്ക് ചെയ്ത ട്രിപ്പ് പൂർത്തിയാക്കിയതായും ഇതിനുപിന്നാലെ റിൻസന്റെ മൊബൈൽ സ്വിച്ച് ഓഫ് ആയെന്നുമായിരുന്നു ഓല കമ്പനി നൽകിയ വിവരം. എലഹങ്ക പോലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് റിൻസന്റെ മൊബൈൽ അവസാനം പ്രവർത്തിച്ചത്. എന്നാൽ ഇതിനുശേഷം എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് പോലീസിനും വ്യക്തതയില്ല.
യുവാവിനെ കാണാതായി എട്ടു ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ഹൊസൂരിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഓടയിൽ നിന്ന് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ചിലയിടങ്ങളിലായി മുറിവുകളുണ്ടെന്നും വിവരമുണ്ട്. റിൻസന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ. അതേസമയം, റിൻസൻ ഉപയോഗിച്ചിരുന്ന ടാക്സി കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications