മണിപ്പൂരില്‍ വിടാതെ പിടിക്കാന്‍ ഹില്‍സില്‍ താമര വിരിയണം, ബിജെപിയുടെ ലക്ഷ്യം 40 സീറ്റ്, സാധ്യത കുറവ്
ദില്ലി: മണിപ്പൂരിലെ ഏറ്റവും സുപ്രധാനപ്പെട്ട മേഖലയാണ് മലനിരകളിലെ ജില്ലകള്‍. വികസനം ഏറ്റവും കുറവ് ഇവിടെയാണ്. എന്നാല്‍ വികസന പദ്ധതികള്‍ പറഞ്ഞ് ഇവിടെ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ഇത്തവണ മലനിരകളിലെ ജില്ലകളില്‍ നിന്ന് പിന്തുണ ലഭിച്ചാല്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിക്കൂ. പത്ത് സീറ്റുകളാണ് ബിജെപി ഇവിടെ നിന്ന് വിജയിക്കാന്‍ ലക്ഷ്യമിടുന്നത്. മണിപ്പൂരിലെ വിഘടനവാദം കൊണ്ട് വളരെ പിന്നോക്കം പോയ മേഖലകളില്‍ ഒന്നാണ് മലനിരകള്‍. ഇവിടെ നിന്ന് പത്ത് സീറ്റ് കിട്ടിയാല്‍ മിഷന്‍ 40 സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് ബിജെപിക്ക് എത്താന്‍ സാധിക്കും. ഹിമന്ത ശര്‍മ അടക്കമുള്ളവര്‍ മണിപ്പൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

മണിപ്പൂരിലെ 60 അംഗ നിയമസഭയില്‍ 40 സീറ്റ് എന്നത് ബിജെപിക്ക് ഇത്തവണ അസാധ്യമാകും. അതിന് കാരണവുമുണ്ട്. മുഖ്യമന്ത്രി ബിരേന്‍ സിംഗിന് അത്ര കണ്ട് ജനപ്രീതിയില്ല എന്നതാണ് സത്യം. മോദി സര്‍ക്കാരിന്റെ പിന്തുണയിലാണ് ബിജെപി സര്‍ക്കാര്‍ മണിപ്പൂരില്‍ നില്‍ക്കുന്നത്. അതിലുപരി മലനിരകളിലെ ജില്ലകള്‍ കോണ്‍ഗ്രസിനെ ശക്തമായി പിന്തുണയ്ക്കുന്ന മണ്ഡലങ്ങളാണ്. 2017ല്‍ ഇവിടെ 9 സീറ്റുകള്‍ കോണ്‍ഗ്രസാണ് നേടിയത്. ബിജെപി അഞ്ച് സീറ്റില്‍ വിജയിച്ചിരുന്നു. നാഗാ പീപ്പിള്‍സ് ഫ്രണ്ട് നാല് സീറ്റിലും എന്‍പിപി രണ്ട് സീറ്റിലും വിജയിച്ചിരുന്നു. ബിരേന്‍ സിംഗ് പക്ഷേ ഇത്തവണ ഹില്‍സില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് പറയുന്നത്.
പുതിയൊരു ക്യാമ്പയിനും ബിരേന്‍ സിംഗ് തുടക്കമിട്ടിട്ടുണ്ട്. ഗു ടു ഹില്‍സ്, ഗോ ടു വില്ലേജസ് എന്നീ പദ്ധതികളാണ് ബിരേന് സിംഗ് തുടങ്ങിയത്. മലനിരകളിലെ ജില്ലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ബിരേന്‍ സിംഗ് ഈയൊരു പദ്ധതി തുടങ്ങിയത്. സംസ്ഥാനത്തിന്റെ 90 ശതമാനം വരുന്നതാണ് ഈ മേഖല. എന്നാല്‍ ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ് ഇവിടെയുള്ളത്. മലനിരകളും എന്ന വേര്‍തിരിവില്ലാതെ 40 സീറ്റ് നേടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് എ ശാരദ ദേവി പറഞ്ഞു. ബിജെപിക്ക് ഇത്തവണ കോണ്‍ഗ്രസിന്റെ വന്‍ വെല്ലുവിളി നേരിടേണ്ടി വരും. എന്‍പിപിയും എന്‍പിയും ബിജെപിക്ക് എതിരാണ്.
എന്‍പിഎഫ് ഇത്തവണ പത്ത് സീറ്റിലാണ് മത്സരിക്കുന്നത്. ഇതെല്ലാം മലനിരകളിലാണ്. എന്‍പിപി ഇത്തവണ മത്സരം ഒന്ന് കൂടി കടുപ്പിക്കുകയാണ്. 39 സീറ്റില്‍ അവര്‍ മത്സരിക്കുന്നുണ്ട്. ഇതിലൊരു നല്ലൊരു പങ്കും മലനിരകളിലെ സീറ്റുകളിലാണ്. മലനിരകളും താഴ്‌വരയും എന്ന വ്യത്യാസം ബിജെപി മറികടക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ രണ്ട് മേഖലയെയും വിഭജിച്ചാണ് കോണ്‍ഗ്രസ് ഭരിച്ചിരുന്നത്. എന്നാല്‍ ഞങ്ങളത് മാറ്റുകയാണ്. ബന്ദ് രഹിത മണിപ്പൂരിനെ കൊണ്ടുവരുമെന്ന് പറഞ്ഞു. അത് സാധ്യമാക്കി. ബിരേന്‍ സിംഗ് സര്‍ക്കാര്‍ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിച്ചു. അസമിലും ത്രിപുരയില്‍ ഞങ്ങളാണ് നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞു. ക്രിസ്ത്യന്‍ നാഗ, കുക്കി-സോമി വിഭാഗങ്ങളാണ് മലനിരകളിലെ പ്രധാന വോട്ടുബാങ്ക്. ക്രിസ്ത്യന്‍ വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് അവകാശവാദം.












Click it and Unblock the Notifications