“മിഷൻ വന്ദേ മാതരം”; ചരിത്ര എവറസ്റ്റ് ദൗത്യത്തിന് ബിഎസ്എഫ് വനിതാ പർവതാരോഹകർ
അതിർത്തി രക്ഷാ സേനയായ Border Security Force (ബിഎസ്എഫ്) വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “മിഷൻ വന്ദേ മാതരം” എന്ന പേരിൽ സമ്പൂർണ്ണ വനിതാ എവറസ്റ്റ് ദൗത്യം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ ദേശീയഗീതമായ “വന്ദേ മാതരം” 150 വർഷം പൂർത്തിയാകുന്ന വേളയോടനുബന്ധിച്ചുള്ള ഈ ദൗത്യത്തിൽ, ബിഎസ്എഫിന്റെ നാല് വനിതാ പർവതാരോഹകർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ Mount Everest കീഴടക്കും. 2026 മേയ് 21 പുലർച്ചെയാണ് അന്തിമ കൊടുമുടി കയറ്റം..
1965-ൽ രൂപീകൃതമായ ബിഎസ്എഫിന്റെ ചരിത്രത്തിൽ ആദ്യമായാണ് പൂർണമായും വനിതകൾ മാത്രം ഉൾപ്പെടുന്ന ഒരു എവറസ്റ്റ് ദൗത്യം സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ ദേശീയഗീതമായ “വന്ദേ മാതരം” 150 വർഷം പൂർത്തിയാകുന്ന വേളയുമായി ബന്ധിപ്പിച്ചാണ് ഈ ദൗത്യത്തിന് “മിഷൻ വന്ദേ മാതരം” എന്ന പേര് നൽകിയിരിക്കുന്നത്. എവറസ്റ്റിന്റെ കൊടുമുടിയിൽ നിന്ന് “വന്ദേ മാതരം” മുഴങ്ങുമ്പോൾ അത് ഒരു ഗാനമാത്രമാകില്ല; രാജ്യസ്നേഹത്തിന്റെ ശക്തമായ പ്രഖ്യാപനം കൂടിയായിരിക്കും.

ദേശീയ അഭിമാനം ഉയർത്തിപ്പിടിക്കുക, സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം ലോകത്തോട് പങ്കുവെക്കുക, യുവജനങ്ങളിൽ സാഹസികതയും രാഷ്ട്രസേവനബോധവും വളർത്തുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. “നാരീ ശക്തി വന്ദൻ” എന്ന ആശയത്തിന് ജീവൻ പകരുന്ന ഈ ദൗത്യം അതിർത്തി രക്ഷാ സേനയിലെ വനിതകളുടെ കരുത്തിനെയും ആത്മവിശ്വാസത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.
ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമായ നാല് വനിതാ പർവതാരോഹകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ലഡാക്കിൽ നിന്നുള്ള എം/സിറ്റി കൗസർ ഫാത്തിമ, പശ്ചിമ ബംഗാളിൽ നിന്നുള്ള എം/സിറ്റി മുൻമുൻ ഘോഷ്, ഉത്തരാഖണ്ഡിൽ നിന്നുള്ള എം/സിറ്റി റബേക്ക സിംഗ്, ലഡാക്ക്-കാർഗിൽ മേഖലയിലെ എം/സിറ്റി ഷെറിംഗ് ചോറോൾ എന്നിവരാണ് സംഘത്തിലുള്ളത്.
സാധാരണ സാഹചര്യങ്ങളിൽ നിന്ന് ഉയർന്ന് വന്ന ഇവർ ഇന്ന് ലക്ഷക്കണക്കിന് യുവതികൾക്ക് പ്രചോദനമായി മാറുകയാണ്. ധൈര്യം, കഠിനാധ്വാനം, അച്ചടക്കം, രാജ്യസേവനത്തോടുള്ള അർപ്പണബോധം എന്നിവയുടെ ജീവനുള്ള പ്രതീകങ്ങളാണ് ഇവർ.
കടുത്ത മഞ്ഞുവീഴ്ചയും മാരകമായ തണുപ്പും ഓക്സിജന്റെ കുറവും നിറഞ്ഞ എവറസ്റ്റ് ദൗത്യം ലോകത്തിലെ ഏറ്റവും ദുഷ്കരമായ സാഹസിക യാത്രകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ ഈ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അതിനായി പരിശീലനം നേടുകയും ചെയ്യുന്നത് പോലും വലിയ നേട്ടമാണ്. സംഘം ഇതിനകം കാലാവസ്ഥയുമായി ഇണങ്ങിച്ചേരാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കി സൗത്ത് കോളിൽ നിലയുറപ്പിച്ചിട്ടുണ്ട്. അനുകൂല കാലാവസ്ഥ ലഭിച്ചാൽ 2026 മേയ് 21 പുലർച്ചെയായിരിക്കും കൊടുമുടിയിലേക്കുള്ള അന്തിമ ശ്രമം.
വെല്ലുവിളി നിറഞ്ഞ പ്രവർത്തനങ്ങളിലും സാഹസിക പരിപാടികളിലും അതിർത്തി രക്ഷാ സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ വർദ്ധിച്ചുവരുന്ന പങ്കിനെയും കഴിവിനെയുമാണ് ദൌത്യം ഉയർത്തിക്കാട്ടുന്നത്. സ്ത്രീ ശാക്തീകരണം, ദേശസ്നേഹ പ്രതിബദ്ധത, സാംസ്കാരിക പൈതൃകം എന്നീ സന്ദേശങ്ങൾ നൽകിക്കൊണ്ട് യുവജനങ്ങളെ മികവിലേക്കും മാതൃരാജ്യസേവനത്തിലേക്കും പ്രചോദിപ്പിക്കാനാണ് 'മിഷൻ വന്ദേ മാതരം' ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications