മിസോറാമില്‍ ഉയര്‍ന്ന പോളിംഗ് നിരക്ക്, ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചന? ഫലം ആര്‍ക്കൊപ്പം
ന്യൂഡല്‍ഹി: മിസോറാമില്‍ ഉയര്‍ന്ന പോളിംഗ് ശതമാനം വന്നത് മുതല്‍ പാര്‍ട്ടികള്‍ കണക്കുകൂട്ടി തുടങ്ങിയിട്ടുണ്ട്. ആര് ജയിക്കുമെന്ന കാര്യത്തില്‍ വലിയ ആശങ്ക തന്നെയുണ്ട്. പ്രധാന കാരണം തൂക്കുസഭയാണോ വരുന്നതെന്ന കാര്യത്തിലാണ്. 80.43 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018ല്‍ ഇത് 80.03 ശതമാനമായിരുന്നു. ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.
എംഎന്‍എഫ്, കോണ്‍ഗ്രസ്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ചില മണ്ഡലങ്ങളില്‍ ഇത് നാല് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള പോരാട്ടമായും മാറുന്നുണ്ട്. ബിജെപിയാണ് നാലാമത്തെ ശക്തി. കൂടുതല്‍ കേന്ദ്ര ഫണ്ടുകളാണ് മിസോറാമില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നത്. മണിപ്പൂരിലെ സംഘര്‍ഷങ്ങളും, മിസോ ഐക്യവും വോട്ടായി മാരുമെന്നാണ് മുഖ്യമന്ത്രി സോറംതാംഗ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

മ്യാന്‍മറില്‍ നിന്നുള്ള 35000 ചിന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരത്തെ എംഎന്‍എഫ് സര്‍ക്കാര്‍ അഭയം നല്‍കിയിരുന്നു. ഇതില്‍ 12000 പേര്‍ കുക്കി-സോ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ മണിപ്പൂരിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വവും നഷ്ടപ്പെട്ടവരാണ്. മിസോ ദേശീയവാദം, കുക്കി-സോ, കുക്കി-ചിന്‍ മേഖലകളെ ഒന്നിപ്പിക്കുമെന്ന പ്രഖ്യാപനവും വിജയിപ്പിക്കുമെന്നാണ് എംഎന്‍എഫ് ഉറപ്പ് പറയുന്നത്.
സെഡ്പിഎം അഴിമതി മുക്ത സര്‍ക്കാരാണ് വാഗ്ദാനം ചെയ്യുന്നത്. 2018ല്‍ എട്ട് സീറ്റുകള്‍ ഇവര്‍ നേടിയിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ വോട്ടുകളെ അടര്‍ത്തിയെടുത്ത് എംഎന്‍എഫിനെ വിജയിക്കാന്‍ സഹായിച്ചതും സോറം പീപ്പിള്‍സ് മൂവ്‌മെന്റാണ്.അതേസമയം സെഡ്പിഎം ഇത്തവണ യുവ വോട്ടര്‍മാരിലാണ് പ്രതീക്ഷ വെക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലാണെന്ന് ഇവര്‍ പറയുന്നു.
ദേശീയ സ്വത്വമുള്ള പ്രാദേശിക പാര്‍ട്ടിയെന്നാണ് സോറം പാര്‍ട്ടി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎന്‍എഫ് 27 സീറ്റാണ് നേടിയത്. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 4 സീറ്റുകളാണ്. സര്‍വകാല തകര്‍ച്ചയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അവസാനമായി നഷ്ടപ്പെട്ട സംസ്ഥാനമായിരുന്നു മിസോറം. നിലവില്‍ ഒരു നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്നില്ല.
കഴിഞ്ഞ തവണ സെഡിപിഎം 8 സീറ്റ് നേടിയിരുന്നു. മുഖ്യ പ്രതിപക്ഷമായും അവര്‍ മാറിയിരുന്നു. കോണ്‍ഗ്രസ് പ്രചാരണം ക്ഷേമ പദ്ധതികളെ കേന്ദ്രീകരിച്ചായിരുന്നു. എല്‍പിജി സിലിണ്ടറുകള്‍ക്ക് 750 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. അതേസമയം ബിജെപി സംസ്ഥാനത്ത് അത്ര വലിയ കക്ഷിയല്ല. കഴിഞ്ഞ തവണ 39 സീറ്റില്‍ മത്സരിച്ചിട്ടും വിജയിച്ചത് ഒരു സീറ്റിലാണ്.
മുതിര്‍ന്ന എംഎന്‍എഫ് നേതാവ് ലാല്‍റിന്‍ലിയാന സായ്‌ലോയുടെ വരവ് ബിജെപിയുടെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. സായ്‌ലോ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ചൂണ്ടിക്കാണിക്കുന്നത്. ബിജെപിയുടെ പിന്തുണയില്ലാതെ ആര്‍ക്കും മിസോറാമില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം വന്‍ പോളിംഗ് വന്നതോടെ തൂക്കുസഭയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications