നരേന്ദ്ര മോദിയെത്തിയാൽ വേദി പങ്കിടില്ല, നിലപാട് കടുപ്പിച്ച് മിസോറാം മുഖ്യമന്ത്രി
ഐസ്വാൾ : വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണവമുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി മിസോറാമിലെത്തിയാൽ താൻ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഈ മാസം 30 ന് പ്രധാനമന്ത്രി മിസോറാമിലെ മമിത് ടൗൺ സന്ദർശിക്കാനിരിക്കെയാണ് മിസോറാം മുഖ്യമന്ത്രിയുടെ പ്രതികരണം. ബി ജെ പി സ്ഥാനാർത്ഥികൾക്കായുള്ള പ്രചാരണത്തിന്റെ ഭാഗമയാണ് നരേന്ദ്ര മോദി മിസോറാം സന്ദർശിക്കുന്നത്.
മിസോറാമിലെ ജനങ്ങളെല്ലാം ക്രിസ്ത്യാനികളാണ്. മണിപ്പൂരിലെ മെയ്ത്തികൾ നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികൾ തീയിട്ട് നശിപ്പിച്ചു. എന്നാൽ മിസോറാമിലെ ജനങ്ങൾ ഇതിനെതിരാണ്. ഈ സമയത്ത് ബി ജെ പിയോട് അനുഭവം കാണിക്കുന്നത് എന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സോറംതംഗ ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രധാന മന്ത്രി ഒറ്റയ്ക്ക് വന്ന് വേദിയിലിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.ബി ജെ പി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻ ഇ ഡി എ) ഭാഗവും കേന്ദ്രത്തിൽ എൻഡിഎയുടെ സഖ്യകക്ഷിയുമാണ് സോറാംതംഗയുടെ എം എൻ എഫ്. എന്നാൽ മിസോറാമിൽ എൻ ഇ ഡി എ സഖ്യത്തിനൊപ്പമല്ല എം എൻ എഫ് പ്രവർത്തിക്കുന്നത് എന്ന സവിശേഷതയുമുണ്ട്.
കോൺഗ്രസ് പാർട്ടിക്ക് എതിരായതിനാലാണ് എം എൻ എഫ് പാർട്ടി എൻ ഇ ഡി എ ചേർന്നതെന്നും എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സഖ്യത്തിന്റെയും ഭാഗമാകാൻ താൽപര്യമില്ലെന്നും സോറംതംഗ കൂട്ടിച്ചേർത്തു.
മ്യാൻമർ, ബംഗ്ലാദേശ്, മണിപ്പൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് അഭയം നൽകുന്നതിനാൽ മിസോറാം സർക്കാർ കേന്ദ്രത്തിന്റെ പാത പിന്തുടരുകയാണെന്ന് സോറംതംഗ പറഞ്ഞു. നേരത്തെ കിഴക്കൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ കേന്ദ്ര സർക്കാർ ആയുധങ്ങൾ നൽകി സഹായിച്ചിരുന്നു. എന്നാൽ ഞങ്ങൾ ആയുധങ്ങളൊന്നും നൽകിയില്ല, പകരം മാനുഷികതയുടെ പേരിൽ അവർക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യാൻമർ, ബംഗ്ലാദേശ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ 40,000 ത്തിലധികം ജനങ്ങൾ സംസ്ഥാനത്ത് അഭയം പ്രാപിയ്ക്കുന്നുണ്ട്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിലൂടെ മാത്രമേ അവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാകൂ എന്നും സോറംതംഗ പറഞ്ഞു. നവംബർ 7 ന് ആണ് മിസോറാമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 3 ന് വോട്ടെണ്ണുന്ന മിസോറാമിൽ 20 മണ്ഡലങ്ങളാണ് ഉളളത്.












Click it and Unblock the Notifications