'ഓ മിസോറാം നീയെത്ര സുന്ദരി'.. ജി സുധാകരന്റെ പൂച്ചക്കവിതയെ വെല്ലുന്ന കവിതയുമായി ശ്രീധരൻ പിളള!
കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കവിത എഴുതി മലയാളിയെ ഞെട്ടിച്ചിട്ടുളള നേതാവ് പൊതുമരാമത്ത് മന്ത്രി കൂടിയായ ജി സുധാകരന്‍ ആണ്. മന്ത്രി സുധാകരന്റെ 'പൂച്ചേ പൂച്ചേ' എന്ന കവിതയും ബിന്‍ ലാദനെ കുറിച്ചെഴുതിയ 'ലാദന്‍ ബിന്‍ലാദന്‍, ഭീരുവാണിയൊരൊബാമയെന്നോര്‍ക്കുക' എന്ന കവിതയുമെല്ലാം ട്രോളുകള്‍ക്കിരയാവുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ രംഗത്തെ കവിത എഴുത്തുകാരില്‍ ജി സുധാകരന് പുതിയൊരു എതിരാളി കൂടി ഉണ്ടായിരിക്കുന്നു. മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിളളയാണ് സുധാകരന് ശേഷം കവിതയെഴുതി മലയാളിയെ ഞെട്ടിച്ചിരിക്കുന്നത്. മിസോറാമിനെ കുറിച്ചാണ് ശ്രീധരന്‍ പിളളയുടെ കവിത.

മിസോറാം പ്രിയ മിസോറാം എന്നാണ് കവിതയുടെ പേര്. മിസോറാമിന്റെ പ്രകൃതി ഭംഗിയേയും ഗ്രാമീണ വിശുദ്ധിയേയും വര്‍ണിക്കുന്നതാണ് കവിത. പ്രിയപ്പെട്ടവരൊന്നും തന്നെ കൂടെ ഇല്ലെന്നും എന്നാലും തന്നെ മിസോറാമില്‍ നിന്നും അകറ്റരുതെന്നും കവി പറയുന്നു. കോഴിക്കോട് വെച്ച് ശ്രീധരന്‍ പിളളയ്ക്ക് നല്‍കുന്ന പൗരസ്വീകരണത്തിന്റെ ഭാഗമായി ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിത സോഷ്യൽ മീഡിയയിൽ വൈറലാണ്.
കവിതയുടെ പൂര്‍ണരൂപം വായിക്കാം:
ഓ മിസോറാം
നീയെത്ര സുന്ദരി!
തപ്തമെന്‍ ഹൃദയത്തില്‍
നീറുവതെന്തെന്തൊക്കെ
ഇപ്പോഴിതാ സ്വര്‍ഗത്തിലെ
ശുദ്ധസമീരന്‍
രാഗരേണുക്കള്‍ തന്‍
മഹാപ്രവാഹത്തിലാണു ഞാന്‍
പിച്ചവെച്ച ഗ്രാമീണ വിശുദ്ധി
തുടിച്ചുതുള്ളുന്നിപ്പോഴും
അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്
ഭൂമിയിലേക്ക് നോക്കാതെങ്ങനെ?
വടക്കുകിഴക്കന്‍ സ്‌നിഗ്ധ സൗന്ദര്യമേ
അടുത്തേക്കടുത്തേക്കു വന്നാലും
പ്രിയപ്പെട്ടവരൊന്നും
കൂടെയില്ലെന്നറിയാം
എന്നാലും അകററരുതെന്നെയീ
സൗന്ദര്യ സാമ്രാജ്യത്തില്‍ നിന്നും
അവിടെ നിറവും മണവും
നിത്യം നിറഞ്ഞു തുളുമ്പട്ടെ
-പിഎസ് ശ്രീധരന്‍ പിളള












Click it and Unblock the Notifications