'ആവശ്യമെങ്കിൽ ഒരു യുദ്ധത്തിന് കൂടി തയ്യാർ', ത്രിഭാഷാ നയത്തിൽ ബിജെപിക്കെതിരെ സ്റ്റാലിൻ, തിരിച്ചടിച്ച് അണ്ണാമലെ
ചെന്നൈ: ഭാഷാ വിവാദത്തില്‍ ബിജെപിയോട് തുറന്ന യുദ്ധപ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ആവശ്യമെങ്കില്‍ മറ്റൊരു ഭാഷാ യുദ്ധത്തിന് കൂടി തമിഴ്‌നാട് തയ്യാറാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷാ നയത്തെക്കുറിച്ചുളള ആശങ്കകള്‍ക്കിടെയാണ് സ്റ്റാലിന്റെ പ്രതികരണം.
ഹിന്ദിയിതര സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ നേരത്തെയും ശക്തമായ പ്രതിരോധം ഉയര്‍ത്തിയ സംസ്ഥാനമാണ് തമിഴ്‌നാട്. കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷാ നയത്തില്‍ പറയുന്നത് ഹിന്ദി സംസാര ഭാഷ അല്ലാത്ത സംസ്ഥാനങ്ങളില്‍ അവരുടെ മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം എന്നാണ്.

എന്നാല്‍ ഈ നീക്കത്തെ തമിഴ്‌നാട് ശക്തമായി എതിര്‍ക്കുകയാണ്. സംസ്ഥാനത്ത് തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ പഠിപ്പിക്കുന്നത് തുടരുമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ബിജെപി സര്‍ക്കാരിന്റെ നീക്കം അനുവദിക്കില്ലെന്നുമാണ് സ്റ്റാലിന്‍ നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ തീരുമാനം. 1965ല്‍ സമാന നീക്കം ഉണ്ടായപ്പോള്‍ ഡിഎംകെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള നീക്കത്തെ തടയുകയും ചെയ്തിരുന്നു.
അതേസമയം സ്റ്റാലിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമെല രംഗത്ത് വന്നു. ഭാഷാ നയത്തിന്റെ കാര്യത്തില്‍ ഡിഎംകെയുടേത് ഇരട്ടത്താപ്പ് ആണെന്ന് അണ്ണാമലെ കുറ്റപ്പെടുത്തി. മൂന്നാമത് ഒരു ഭാഷ പഠിക്കുന്നതിന് ഒരു തടസ്സവും ഇല്ലെന്ന് സ്റ്റാലിന്‍ പറയുന്നു. അതേസമയം നിങ്ങള്‍ക്ക് മറ്റൊരു ഭാഷ പഠിക്കണമെങ്കില്‍ ഡിഎംകെ നേതാക്കള്‍ നടത്തുന്ന സിബിഎസ്ഇ സ്‌കൂളുകളിലോ മെട്രികുലേഷന്‍ സ്‌കൂളുകളിലോ കുട്ടികളെ ചേര്‍ക്കണം എന്നാണോ, എന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അണ്ണാമലെ ചോദിക്കുന്നു.












Click it and Unblock the Notifications