ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന് പകരം ഹിന്ദി കോളനിവല്‍ക്കരണം; തമിഴ്‌നാട് ഇതു സഹിക്കില്ല: സ്റ്റാലിന്‍
ചെന്നൈ: ഹിന്ദി ഭാഷാ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ കടുത്ത വിര്‍മശനമാണ് സ്റ്റാലിന്‍ തുടരുന്നത്. തമിഴ്നാട്ടില്‍ പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെ 'ഹിന്ദി കൊളോണിയലിസം' എന്നു വിശേഷിപ്പിച്ചാണ് സ്റ്റാലിന്‍ രംഗത്തുവന്നിരിക്കുന്നത്.
ബ്രിട്ടീഷ് കോളനിവല്‍ക്കരണം മാറ്റിസ്ഥാപിക്കുന്ന ഹിന്ദി കോളനിവല്‍ക്കരണം തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സമൂഹ മാധ്യമമായ എക്‌സില്‍ ഇംഗ്ലീഷിലിട്ട ഒരു പോസ്റ്റിലാണ് സ്റ്റാലിന്റെ പ്രതികരണം. 'ചരിത്രം വ്യക്തമാണ്. തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ട ചരിത്രമാണുള്ളത്. അല്ലെങ്കില്‍ പിന്നീട് നിലപാട് മാറ്റി ഡിഎംകെയുമായി സഖ്യത്തിലായി. ബ്രിട്ടീഷ് കൊളോണിയലിസത്തിന് പകരം ഹിന്ദി കൊളോണിയലിസം തമിഴ്നാട് സഹിക്കില്ല' - സ്റ്റാലിന്‍ കുറിച്ചു.

അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ വിഷയത്തില്‍ മത്സരിക്കാന്‍ ബിജെപിയെ തമിഴ്‌നാട് മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. 'ബിജെപിയുടെ ത്രിഭാഷാ ഫോര്‍മുലയ്ക്കു വേണ്ടിയുള്ള കാമ്പെയ്ന്‍ തമിഴ്നാട്ടില്‍ ഒരു പരിഹാസവസ്തുവായി മാറിയിരിക്കുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് പ്രധാന അജണ്ടയാക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു' - സ്റ്റാലിന്‍ എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി.
'ഒരിക്കലും ജയിക്കാന്‍ കഴിയാത്ത പോരാട്ടം വീണ്ടും തുടങ്ങിവച്ചതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെയും ഡിഎംകെ നേതാവ് വിമര്‍ശിച്ചു.
'വൃക്ഷം ഒരുപക്ഷേ ശാന്തത ഇഷ്ടപ്പെട്ടേക്കാം, എന്നാല്‍ കാറ്റ് ശമിക്കില്ല'. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്റെ സ്ഥാനം മറന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനായി ഒരു സംസ്ഥാനത്തെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയാണ്. ഒരിക്കലും ജയിക്കാന്‍ കഴിയാത്ത ഒരു പോരാട്ടം പുനരുജ്ജീവിപ്പിച്ചതിന്റെ അനന്തര ഫലങ്ങളാണ് അദ്ദേഹം നേരിടുന്നത്. കീഴടങ്ങാന്‍ തമിഴ്നാടിനെ ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ടതില്ലെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.
അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ശത്രുത വളര്‍ത്തുമെന്നും അത് ഐക്യത്തിന് ഭീഷണിയാണെന്നും സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെ പ്രതിരോധിക്കുന്നത് രാജ്യദ്രോഹമായിട്ടാണ് കരുതുന്നതെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും അവാര്‍ഡുകളുടെയും പേരുകള്‍ പരാമര്‍ശിച്ച് ഹിന്ദി അസ്വസ്ഥതപ്പെടുത്തും വിധം അടിച്ചേല്‍പ്പിക്കുന്നതായി സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയിലെ ഭൂരിപക്ഷമായ ഹിന്ദി സംസാരിക്കാത്തവരെ ശ്വാസം മുട്ടിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിഭാഷാ നയത്തിനു വേണ്ടിയുള്ള ബിജെപിയുടെ ഓണ്‍ലൈന്‍ പ്രചാരണത്തിന് തമിഴ്‌നാട്ടില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പിന്തുണ നല്‍കിയതായി സംസ്ഥാനത്തെ ബിജെപി മേധാവി കെ അണ്ണാമലൈ അവകാശപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയത്തിനു വേണ്ടിയുള്ള തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പൊലീസ് നടപടിയെ ഭയമില്ലെന്നും അണ്ണാമലൈ പറഞ്ഞു. സര്‍ക്കാരിന് എത്ര പേരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതായുള്ള സ്റ്റാലിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ അണ്ണാമലൈ സ്റ്റാലിന്റെ പാര്‍ട്ടി നടത്തുന്ന മെട്രിക്കുലേഷന്‍ സ്‌കൂളുകളില്‍ തമിഴ് നിര്‍ബന്ധിത വിഷയമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications