യുക്രൈനിലുള്ള തമിഴ്‌നാട്ടുകാരുടെ യാത്രാചെലവ് വഹിക്കുമെന്ന് സ്റ്റാലിന്‍
ചെന്നൈ: യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാ ചെലവ് വഹിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. യുക്രൈനില്‍ പഠിക്കാന്‍ പോയ തമിഴ്‌നാട്ടില്‍ നിന്നുള്ള 5000 പേരുടെ യാത്രാ ചെലവ് വഹിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. അതേസമയം യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ശനിയാഴ്ച പുറപ്പെടും. യുക്രൈനില്‍ നിന്ന് ബുച്ചാറെസ്റ്റ് വഴിയാണ് ഇന്ത്യന്‍ പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യുക. രണ്ട് വിമാനങ്ങള്‍ ആണ് അയക്കുന്നത്.

പുലര്‍ച്ചെ രണ്ട് മണിക്ക് റൊമാനിയയിലേക്കാവും വിമാനം പുറപ്പെടുക. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റൊമാനിയയില്‍ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. കീവില്‍ നിന്നും റൊമാനിയയിലേക്ക് എത്തണമെങ്കില്‍ 12 മണിക്കൂര്‍ യാത്ര ചെയ്യണം. റൊമാനിയയുടെ അതിര്‍ത്തിയിലാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തുക. അതേസമയം മറ്റൊരു വിമാനം ഹംഗറിയിലേക്കും അയക്കാനും എയര്‍ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ രീതിയില്‍ യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ മറ്റ് രാജ്യങ്ങളില്‍ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരാനാണ് പദ്ധതി.
ഇന്ത്യന്‍ എംബസി പരിസരത്ത് ഷെല്ലാക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഏകദേശം 19000 ഓളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. മുഴുവന്‍ ഒഴിപ്പിക്കല്‍ പ്രക്രിയയും നിരീക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയം ദേശീയ തലസ്ഥാനത്ത് മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. യുക്രൈനിലെ ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടെന്നും സുരക്ഷിത മേഖലയില്‍ തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സമീപത്ത് ഷെല്ലാക്രമണമുണ്ടായാല്‍ അടുത്തുള്ള ബോംബ് ഷെല്‍ട്ടറിലോ ബങ്കറുകളിലോ അഭയം പ്രാപിക്കണമെന്ന് എംബസി ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുക്രേനിയന്‍ അതിര്‍ത്തി കടന്ന ശേഷം ഇന്ത്യന്‍ പൗരന്മാര്‍ക്ക് സമീപിക്കാവുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയം അതാത് രാജ്യങ്ങളുമായി പങ്കിട്ടു. സംഘര്‍ഷബാധിതരായ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രത്തില്‍ നിന്ന് തങ്ങളുടെ അടുത്തവരെയും പ്രിയപ്പെട്ടവരെയും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണെന്ന് വ്യാഴാഴ്ച വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഒറ്റപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
Recommended Video

യുക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ അടിയന്തരമായി തയ്യാറാക്കുകയാണ്. രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാനും തീരുമാനിച്ചതായി വിദേശകാര്യസഹമന്ത്രി അറിയിച്ചു.












Click it and Unblock the Notifications