തമിഴ്നാട്ടിൽ ഇനി പുതുയുഗം; എംകെ സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ചെന്നൈ; പത്ത് വർഷത്തിന് ശേഷം തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി എംകെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ ബൻവാരിലാൽ പുരോഹിത് സ്റ്റാലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.രണ്ട് വനിതകൾ ഉൾപ്പെടെ 33 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.

എംകെ സ്റ്റാലിന്‍ തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്.പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ദുരൈ മുരുഗന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും.കെഎൻ നെഹ്റു നഗരഭരണവും പെരിയസാമിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പും ലഭിച്ചു. ഇവി വേലു പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യും. കൊവിഡ് കാലത്ത് ഏറെ നിര്‍ണായകമായ ആരോഗ്യവകുപ്പിന്റെ ചുമതല ചെന്നൈ മുന്‍ മേയര്‍ കൂടിയായ സുബ്രഹ്മണ്യനാണ്.
തമിഴ്നാട്ടിൽ ഇത്തവണ വലിയ വിജയമാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ നേടിയത്.125 സീറ്റുകളാണ് ഡിഎംകെയ്ക്ക് ലഭിച്ചത്.ഡിഎംകെ മുന്നണിയിൽ കോൺഗ്രസിന് 18 സീറ്റുകളും, സിപിഎം-2, സിപിഐ 2, വിടുതലൈ ചിരുതൈഗൾ കച്ചി-4 (വിസികെ),മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ)-4, മറ്റ് പാർട്ടികൾ 4 എന്നിങ്ങനെയാണ് സീറ്റുകൾ.
അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് 75 സീീറ്റുകളാണ് ലഭിച്ചത്. എഡിഎംകെയ്ക്ക് തനിച്ച് 65 സീറ്റുകളാണ് ലഭിച്ചത്. ബിജെപി വിജയം വെറും നാല് സീറ്റുകളാണ് വിജയം. മറ്റ് പാർട്ടികൾക്ക് 1 സീറ്റും ലഭിച്ചു.












Click it and Unblock the Notifications