ദളപതിയില്‍ നിന്ന് തലൈവരിലേക്ക്, തമിഴ്നാട്ടില്‍ സ്റ്റാലിന് തന്ത്രങ്ങള്‍ ഇങ്ങനെ

'സണ്‍ റൈസ്' എന്നായിരുന്നു ഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിന് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദേശീയ മാധ്യങ്ങങ്ങള് വിശേഷിപ്പിച്ചത്. ഡിഎംകെ അധ്യക്ഷനായുള്ള യാത്ര കേവലം മക്കള്‍ രാഷ്ട്രീയത്തിന്റെ ചുവരുകളില്‍ ഒതുങ്ങുന്നതല്ലെന്ന് തന്റെ നിലപാടുകളിലൂടെ ആവര്‍ത്തിച്ച് ആ വിശേഷണം തമിഴകത്തിന്റെ പുതിയ തലൈവര്‍ വീണ്ടും ഊട്ടി ഉറപ്പിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി തുറന്ന യുദ്ധം പ്രഖ്യാപിച്ച സ്റ്റാലിന് ഹിന്ദുത്വ തീവ്രവാദികളെ രാജ്യത്ത് നിന്ന് തുടച്ച് നീക്കണമെന്ന് ആവര്‍ത്തിച്ചു.
വയനാട്ടിലേക്ക് 'ഓടി' പ്രവര്‍ത്തകര്‍, തടയാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല.. 'രാഗാ'യ്ക്കായി പണി തുടങ്ങി
ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെട്ടുത്തുന്ന മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ മതേതര ശക്തികള്‍ ഒന്നിക്കണമെന്ന് പ്രഖ്യാപിച്ചു. സ്റ്റാലിന്റെ നിലപാടുകളിലെ കാര്‍ക്കശ്യം ഡിഎംകെയുടെ അമരത്ത് എത്തിയപ്പോള്‍ മുതല്‍ ഉണ്ടായതല്ല, ദളപതിയില്‍ നിന്ന് തലൈവരിലേക്കുള്ള സ്റ്റാലിന്റെ യാത്ര ഒട്ടും ആകസ്മികവുമായിരുന്നില്ല.

ദളപതിയില്‍ നിന്ന് തലൈവരിലേക്ക്
കരുണാനിധിയുടെ മൂന്നാമത്തെ മകനായാണ് എംകെ സ്റ്റാലിന്റെ ജനനം. സ്റ്റാലിന്റെ അമ്മ ദയാലു അമ്മാള്‍ കരുണാനിധിയുടെ രണ്ടാമത്തെ ഭാര്യ ആയിരുന്നു. റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനോടുള്ള ആരാധന മൂത്താണ് കരുണാനിധി മകന് ആ പേര് നല്‍കിയത്. പതിനാലാമത്തെ വയസില്‍ ഡിഎംകെയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങി. 1973 ല്‍ സ്റ്റാലിന് ഡിഎംകെയുടെ ജനറല്‍ കമ്മിറ്റിയില്‍ അംഗായി.

യുവജനങ്ങള്‍ക്കിടയില്‍ സ്വാധീനം
അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലായതോടെയാണ് സ്റ്റാലിന് ഒരു നേതാവായി തമിഴകത്ത് വളരുന്നത്. അന്ന് ജയിലില്‍ വളരെയധികം ക്രൂരപീഡനങ്ങള്‍ക്ക് സ്റ്റാലിന് ഇരയായി. ഇതോടെ യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവായി സ്റ്റാലിന് വളര്‍ന്നു. 83 ല്‍ പാര്‍ട്ടിയുടെ യുവജമന വിഭാഗത്തിന്റെ സെക്രട്ടറി ആവുകയും ചെയ്തു.

ജയലളിതയോട് ഏറ്റുമുട്ടി
1989 ല്‍ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ നിന്നായിരുന്നു ആദ്യമായി സ്റ്റാലിന് നിയമസഭയില്‍ എത്തിയത്. 96 ലും അദ്ദേഹം ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറി. അതേസമയം എംഎല്‍എ പദവിക്കൊപ്പം ചെന്നൈ മേയറായും പ്രവര്‍ത്തിച്ചു. എന്നാല്‍ ഒരാള്‍ക്ക് രണ്ട് സ്ഥാനം ഒരുമിച്ച് തുടരാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജയലളിത സര്‍ക്കാര്‍ കോടതിയെ സമീപിച്ചതോടെ സ്റ്റാലിന് മേയര്‍ പദവി ഉപേക്ഷിച്ചു. അതേസമയം 2001 ലും 2006 ലിും അദ്ദേഹം തൗസന്റ് ലൈറ്റ്സില് തന്നെ മത്സരിച്ച് ജയിച്ചു.

ആദ്യമായി മന്ത്രിയായത്
2006 ലാണ് ആദ്യമായി മന്ത്രിയാകുന്നത്. 2009 ല്‍ കരുണാനിധി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായും സേവനം അനുഷ്ഠിച്ചു.പിന്നീട് കരുണാനിധിയുടെ കീഴില്‍ സ്റ്റാലിന് വളര്‍ന്നു. 2017 ല്‍ സ്റ്റാലിന് പാര്‍ട്ടിയുടെ ഉപാധ്യക്ഷ പദവി ഏറ്റെടുത്തു. അനാരോഗ്യം കൊണ്ട് കരുണാനിധി ഈ സമയത്ത് പൂര്‍ണ വിശ്രമത്തിലായിരുന്നു. ഉപാധ്യക്ഷന്‍ ആയിരുന്നെങ്കില്‍ കൂടിയും ഡിഎംകെയുടെ നിയന്ത്രണം മുഴുവന്‍ സ്റ്റാലിന്റെ കൈകളിലായി.

അഴഗിരിയെ പുറത്താക്കി
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം സ്റ്റാലിനെ അംഗീകരിച്ചെങ്കിലും സഹോദരന് എംകെ അഴഗിരി സ്റ്റാലിന് ഒരു വെല്ലുവിളിയായി തുടര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിന് ശ്രമം നടത്തുകയായിരുന്നു അഴഗിരി.
എംകെ സ്റ്റാലിനെ നിരന്തരം വിമര്‍ശിച്ചതിന്റെ പേരിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചുമായിരുന്നു 2014 ല്‍ പാര്‍ട്ടി സൗത്ത സോണ്‍ ഓര്ഗനൈസേഷന് സെക്രട്ടറിയായിരുന്ന അഴഗിരിയെ ഡിഎംകെയില്‍ നിന്ന് കരുണാനിധി പുറത്താക്കിയത്.

പാര്‍ട്ടിയുടെ തലപ്പത്തേക്ക്
മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന അഴഗിരിക്ക് പിന്നീട് ഇതുവരെ പാര്‍ട്ടിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല.
മക്കള്‍ രാഷ്ട്രീയത്തില്‍ പെട്ട് ഡിഎംകെയില്‍ തര്‍ക്കം പതിവായതോടെ തലൈവര്‍ക്ക് ശേഷം അഴഗിരിയോ സ്റ്റാലിനോ എന്ന ചോദ്യത്തിന് ശക്തിയേറി. എന്നാല്‍ അഴഗിരിയെ പുറത്ത് നിര്‍ത്തിയും സ്റ്റാലിനെ ഒപ്പം നിര്‍ത്തിയും കരുണാനിധി ആ ചോദ്യത്തിനുള്ള ഉത്തരം മരിക്കും മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
പിതാവ് കരുണാനിധിയുടെ വിയോഗത്തിന് ശേഷമാണ് സ്റ്റാലിന് പാര്‍ട്ടിയുടെ തേര് തെളിക്കല്‍ ദൗത്യമേറ്റെടുക്കുന്നത്.

കഴകത്തിന്റെ തലൈവര്‍
65 ജില്ലാ കമ്മിറ്റികളും സ്റ്റാലിന്റെ പേര് മാത്രമാണ് നിര്‍ദേശിച്ചത്. സ്റ്റാലിന് മാത്രമാണ് പ്രസിഡന്റ് പദവിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ആരും എതിര്‍ത്തില്ല. ഇതോടെ കഴകത്തിന്റെ പുതിയ തലൈവരായി സ്റ്റാലിന് ചുമതലയേറ്റു.എന്നാല്‍ അപ്പോഴും വെല്ലുവിളി ഉയര്‍ത്തി അഴഗിരി രംഗത്തെത്തി. തന്നെ തിരിച്ചെടുത്തില്ലേങ്കില് പാര്‍ട്ടി അനന്തരഫലം അനുഭവിക്കുമെന്ന് അഴഗിരി ഭീഷണി മുഴക്കി. എന്നാല്‍ തലൈവര്‍ കൈകൊണ്ട തിരുമാനത്തില്‍ താന്‍ മാറ്റം വരുത്തില്ലെന്ന് സ്റ്റാലിന് ആവര്‍ത്തിച്ചു.

പ്രതിസന്ധികളെ അതിജീവിച്ചു
പ്രതിസന്ധികളെല്ലാം അതിജീവിച്ച് സ്റ്റാലിന് തമിഴ്നാട്ടില്‍ നേതാവായി സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇനി ലോക്സഭാ തിരഞ്ഞെടുപ്പാണ് സ്റ്റാലിന്റെ മുന്നിലുള്ള പ്രധാനവെല്ലുവിളി. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ മത്സരിക്കുന്നത്.
പോണ്ടിച്ചേരി ഉള്‍പ്പെടെ 40 സീറ്റുകളാണ് തമിഴ്നാട്ടില്‍ ഉള്ളത്. ഇതില്‍ പകുതി സീറ്റില്‍ വിജയിക്കാനായാല്‍ കേന്ദ്രത്തില്‍ ഡിഎംകെയ്ക്ക് നിര്‍ണായക ശക്തിയാകാന്‍ സാധിക്കും. അണ്ണാദുരൈക്കും കരുണാനിധിക്കും ശേഷം തമിഴ് മണ്ണിന്റെ മുഖ്യനായി വാഴാനുള്ള ഒരുക്കത്തിലാണ് സ്റ്റാലിന്, പുതിയ തലൈവരില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഡിഎംകെ പ്രവര്‍ത്തകരും.