എംഎൽസി തിരഞ്ഞെടുപ്പ്; കൂറ്റൻ മുന്നേറ്റവുമായി ബിജെപി..തിരിച്ചടിയായി വാരണാസി
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിന് പിന്നാലെ ഉത്തർപ്രദേശ് നിയമസഭാ കൗൺസിലും വമ്പൻ മുന്നേറ്റുവായി ബി ജെ പി. എന്നാൽ കൂറ്റൻ വിജയത്തിനിടയിലും ബി ജെ പി കോട്ടയായ വാരണാസിയിൽ പരാജയം രുചിച്ചത് പാർട്ടിക്ക് തിരിച്ചടിയായി.
ഉപരിസഭയായ നിയമസഭാ കൗൺസിലിൽ ആകെ നൂറു സീറ്റാണുള്ളത്. ഇതിൽ 37 സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. 36 ഇടത്താണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തേ ഒമ്പത് സീറ്റുകളിൽ ബി ജെ പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ 30 ഓളം സീറ്റുകളിൽ ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഉത്തർപ്രദേശിലെ ഇരുസഭകളിലും ബി ജെ പി ഭൂരിപക്ഷം നേടുന്നത്. നിലവിൽ 34 അംഗങ്ങളാണ് ബി ജെ പിക്ക് ഉള്ളത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 17 അംഗങ്ങളും ബി എസ് പി ക്ക് നാല് അംഗങ്ങളും കോൺഗ്രസ്, അപ്നാ ദൾ നിഷാദ് പാർട്ടി എന്നിവർക്ക് ഓരോ അംഗങ്ങൾ വീതവുമാണ് ഉള്ളത്.

വൻ ഭൂരിപക്ഷത്തോടെയാണ് പലയിടത്തും ബി ജെ പി സ്ഥാനാർത്ഥികളുടെ വിജയം. ലഖ്‌നൗ-ഉന്നാവോ സീറ്റിൽ ബിജെപിയുടെ രാമചന്ദ്ര പ്രധാൻ വിജയിച്ചു. ബല്യയിൽ രവിശങ്കർ സിംഗ് പപ്പു 1,981 വോട്ടുകൾക്ക് എസ്പിയുടെ അരവിന്ദ് ഗിരിയെ പരാജയപ്പെടുത്തി. ബരാബങ്കിയിൽ എസ്പിയുടെ രാജേഷ് കുമാർ യാദവിനെ 1,745 വോട്ടുകൾക്കാണ് ബിജെപിയുടെ അംഗദ് സിംഗ് പരാജയപ്പെടുത്തിയത്. സിതാപൂരിൽ ബിജെപിയുടെ പവൻസിംഗ് വിജയിച്ചു. ബസ്തിയിൽ ബി ജെ പി നേതാവ് സുഭാഷ് യദുവൻഷ് ആണ് ജയിച്ചത്. അയോധ്യയിലെ ഫൈസാബാദ്-അംബേദ്കർ നഗർ സീറ്റിൽ എസ്പിയുടെ ഹീരാലാൽ യാദവിനെ 1,680 വോട്ടുകൾക്കാണ് ബിജെപിയുടെ ഹരി ഓം പാണ്ഡെ പരാജയപ്പെടുത്തിയത്.

അതേസമയം ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് വാരണാസി മണ്ഡലത്തിൽ നേരിട്ടത്. ബി ജെ പി കോട്ടയായ ഇവിടെ മൂന്നാം സ്ഥാനത്താണ് ബി ജെ പി. സ്വതന്ത്ര സ്ഥാനാർത്ഥി അന്നപൂർണ സിംഗ് ആണ് ഇവിടെ നിന്നും വിജയിച്ചത്. 4234 വോട്ടുകൾക്കാണ് അന്നപൂർണ സിംഗ് വിജയിച്ചത്. സമാജ്വാദി പാർട്ടിയാണ് രണ്ടാമത് എത്തിയത്. എസ് പി നേതാവ് ഉമേഷ് യാദവിന് 345 വോട്ടുകൾ മാത്രമാണ് പക്ഷേ നേടാൻ സാധിച്ചത്. പ്രദേശത്തെ ശക്തനായ നേതാവായ ബ്രിജേഷ് സിംഗിന്റെ ഭാര്യയാണ് അന്നപൂർണ. ബി ജെ പിക്ക് വേണ്ടി ഡോ. സുദമ പട്ടേലാണ് മത്സരിച്ചത്. 2016 ൽ ബ്രിജേഷ് സിംഗായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. എന്നാൽ അന്ന് ബി ജെ പി സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല

അതേസമയം പ്രതിപക്ഷ പാർട്ടിയായ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനായില്ല. ഡോക്ടർ കഫീൽ ഖാൻ ഉൾപ്പെടെ തോൽവി രുചിച്ചു. എം പിമാർ, എം എൽ എമാർ, നഗര കോർപ്പറേറ്റർമാർ, പ്രധാൻമാരെപ്പോലുള്ള ഗ്രാമതല പ്രതിനിധികൾ എന്നിവരാണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. മുൻ സർക്കാരിലെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും ഇപ്പോൾ എംഎൽഎയുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വന്തം തട്ടകമായ ഗോരഖ്പൂരിൽ നിന്ന് വോട്ട് രേഖപ്പെടുത്തി.ബി ജെ പിയാണ് ഇവിടെ വിയിച്ചത്. യോഗി ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം എം എൽ സി തിരഞ്ഞെടുപ്പ് വിജയം പാർട്ടിക്കുള്ളിൽ അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കും. സംസ്ഥാനത്തെ ജനങ്ങൾ ദേശീയതയ്ക്കും വികസനത്തിനും സദ്ഭരണത്തിനും ഒപ്പമാണെന്ന് എം എൽ സി തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ തകർപ്പൻ വിജയം വീണ്ടും വ്യക്തമാക്കിയിരിക്കുകയാണെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications