മിസോറാമില്‍ സോറംതങ്ക മുഖ്യമന്ത്രിയായി അധികാരമേറ്റു; കുമ്മനം സത്യവാചകം ചൊല്ലിക്കൊടുത്തു
ഐസ്വാള്‍: മിസോ നാഷണല്‍ ഫ്രണ്ട് അധ്യക്ഷന്‍ സോറംതങ്ക മിസോറാമിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു നാല് ദിവസം കഴിഞ്ഞാണ് പുതിയ മുഖ്യമന്ത്രി അധികാരമേറ്റത്. ഗവര്‍ണര്‍ കുമ്മനം രാജശേഖരന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 12 മണിക്കായിരുന്നു സത്യപ്രതിജ്ഞ.
മിസോ ഭാഷയിലാണ് സോറംതങ്ക സത്യപ്രതിജ്ഞ ചൊല്ലിയത്. 40 അംഗ നിയമസഭയിലേക്ക് നവംബര്‍ 28നാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 11ന് ഫലം വന്നപ്പോള്‍ എംഎന്‍എഫിന് 26 സീറ്റ് ലഭിച്ചു. സോറം പീപ്പിള്‍സ് മൂവ്മെന്റിന് എട്ട് സീറ്റും ലഭിച്ചു. കോണ്‍ഗ്രസ് അഞ്ച് സീറ്റിലൊതുങ്ങി. ബിജെപിക്ക് ആദ്യമായി ഒരു സീറ്റ് ലഭിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത ദിവസം തന്നെ എംഎന്‍എഫിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.
എംഎന്‍എഫ് എംഎല്‍എ ലാല്രിനാവ്മയെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ആദ്യ നിയമസഭ ചേരുന്നത്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുംവരെയാണ് ഇദ്ദേഹത്തിന്റെ ചുമതല. അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലിയതിന് ശേഷം നിയമസഭ പിരിയും.
വളരെ ശക്തമായ മുന്നേറ്റമാണ് ഇത്തവണ എംഎന്‍എഫ് നടത്തിയത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് കൂപ്പുകുത്തി. അഞ്ചുസീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.