കോണ്‍ഗ്രസ് പിന്തുണച്ചാല്‍ കമല്‍ഹാസന്‍ എംഎല്‍എ; ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം, സ്റ്റാലിനൊപ്പം?
ചെന്നൈ: നടന്‍ കമല്‍ഹാസന്‍ എംഎല്‍എ ആകുമോ. തമിഴ്‌നാട്ടിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിര്‍ണായക ചര്‍ച്ച ഇതാണ്. കമല്‍ഹാസന്‍ വരാനിരിക്കുന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണം എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നോട്ട് പോകുകയാണ് കമല്‍ഹാസന്‍.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ കമല്‍ഹാസന്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഈറോഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാകുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഉപതിരഞ്ഞെടുപ്പിന് കാരണം
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ്. ഇടതുപക്ഷവും മുസ്ലിം ലീഗും തമിഴ്‌നാട്ടിലെ ചില പ്രാദേശിക കക്ഷികളും ഈ സഖ്യത്തിലുണ്ടായിരുന്നു. ഈറോഡ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസിനാണ് അന്ന് അനുവദിച്ചത്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇവികെഎസ് ഇളങ്കോവന്റെ മകന്‍ തിരുമഹാന്‍ ഇവരാ ആണ് മല്‍സരിച്ചതും ജയിച്ചതും. അദ്ദേഹം അടുത്തിടെ മരിച്ചു. ഇതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം.

കമല്‍ഹാസന്‍ മല്‍സരിക്കണം
നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ഈറോഡ് മണ്ഡലത്തില്‍. പല പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന ചര്‍ച്ചകളിലാണ്. ഫെബ്രുവരി 27നാണ് പോളിങ്. മാര്‍ച്ച് രണ്ടിന് ഫലം അറിയാം. ഇതിനിടെയാണ് ഈറോഡ് ജില്ലാ എംഎന്‍എം കമ്മിറ്റി കമല്‍ഹാസന്‍ മല്‍സരിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.

അംഗീകാരം ലഭിച്ചാല്‍
കഴിഞ്ഞ ദിവസം ചേര്‍ന്ന എംഎന്‍എം ജില്ലാ കമ്മിറ്റി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്ന് പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തു. അതിലൊന്നാണ് കമല്‍ഹാസന്‍ ഈറോഡ് മല്‍സരിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം. പാസാക്കിയ പ്രമേയങ്ങള്‍ കമല്‍ഹാസന് അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമാണ് എല്ലാ തീരുമാനങ്ങളും നിലവില്‍ വരിക.

കോണ്‍ഗ്രസ് ഒരുങ്ങിക്കഴിഞ്ഞു
കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. ഇളങ്കോവന്റെ കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലുമാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് കരുതുന്നു. കോണ്‍ഗ്രസിന്റെ സീറ്റായതിനാല്‍ ഡിഎംകെ കാര്യമായ തടസം പറയാന്‍ ഇടയില്ല. എന്നാല്‍ പ്രതിപക്ഷമായ അണ്ണാഡിഎംകെ ആരെ മല്‍സരിപ്പിക്കും എന്ന കാര്യം വ്യക്തമല്ല. അതിനിടെയാണ് കമല്‍ഹാസന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസുമായി സഹകരിച്ച്
കമല്‍ഹാസന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം ഭാഗമായിരുന്നു. ഡല്‍ഹിയില്‍ വച്ചാണ് കമല്‍ഹാസന്‍ യാത്രയില്‍ പങ്കാളിയായത്. കാലത്തിന്റെ ആവശ്യമാണ് ദേശീയ തലത്തിലുള്ള ഐക്യമെന്നു പറഞ്ഞ അദ്ദേഹം, രാഹുല്‍ ഗാന്ധിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും സൂചിപ്പിച്ചിരുന്നു.

ഡിഎംകെ സഖ്യത്തിനൊപ്പമായേക്കും
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനൊപ്പമായേക്കും. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതിനിടെയാണ് കമല്‍ഹാസന്‍ ഈറോഡ് മല്‍സരിക്കണം എന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

സ്റ്റാലിന്റെ ഭരണ വിലയിരുത്തല്‍
ഈറോഡ് ഉപതിരഞ്ഞെടുപ്പ് തമിഴ്‌നാട്ടിലെ ഇടക്കാല തിരഞ്ഞെടുപ്പായിട്ടാണ് പരിഗണിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിന്റെ ഭരണ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലം എന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് കമല്‍ഹാസന് വഴിമാറിക്കൊടുക്കുമോ എന്നാണ് അറിയേണ്ടത്. ഇളങ്കോവന്റെ കുടുംബം ഇക്കാര്യം സമ്മതിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications